നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യം രാജവാഴ്ചയിലേക്ക് മാറും, കോൺഗ്രസിന് മുന്നിൽ ഉപാധിയുമായി ആം ആദ്മി പാർട്ടി

Advertisement

ന്യൂഡെല്‍ഹി . പ്രതിപക്ഷ ഐക്യനീക്കങ്ങൾക്കിടെ കോൺഗ്രസിന് മുന്നിൽ ഉപാധിയുമായി ആം ആദ്മി പാർട്ടി. പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസ് മത്സരിക്കാതിരുന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാർത്ഥികളെ നിർത്തില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ വാഗ്ദാനം.ചർച്ചക്കെങ്കിലും കോണ്ഗ്രസ് തയ്യാറാകണം എന്നും ആം ആദ്മി പാർട്ടി.

ഈ മാസം 23 ന് പട്നയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെയാണ് കോൺഗ്രസ്സിന് മുന്നിൽ ഉപധികൾ വച്ചു ആം ആദ്മി പാർട്ടി രംഗത്ത് വന്നത്.
ആം ആദ്മി പാർട്ടി അധികാരത്തിലുരിക്കുന്ന ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് മത്സരിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ, കോൺഗ്രസും ബിജെപിയും നേർക്ക് നേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും മത്സരിക്കില്ലെന്ന് എ എ പി വക്താവും ഡൽഹി ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യം രാജവാഴ്ചയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആം ആദ്മി പാർട്ടി നിലപാട് വ്യക്തമാക്കിയതോടെ പട്നയിലെ യോഗത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർത്ഥി എന്ന വിഷയം ചർച്ചയാക്കാനുള്ള സാധ്യത തെളിഞ്ഞു.

ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുക്കുന്ന കേന്ദ്ര ഓർഡിനൻസിനെതിരായ പ്രതിഷേധത്തിലും ആം ആദ്മി പാർട്ടി മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുകയാണ്.ഈ വിഷയവും പട്നയിലെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.

Advertisement