ബിഹാറില്‍ ചൈനീസ് യുവതി അറസ്റ്റിൽ; ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന് സൂചന

Advertisement

പട്ന: ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുടെ സന്ദർശനത്തിനിടെ ബോധ ഗയയിലെത്തിയ ചൈനീസ് യുവതി അറസ്റ്റിൽ. ചൈനീസ് ചാര വനിതയായ സോങ് സിയാലൻ ആണ് അറസ്റ്റിലായത്. ചാരപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ യുവതി, ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്നാണ് സൂചന. യുവതിയെ ചൈനയിലേക്ക് തിരിച്ചയച്ചേക്കുമെന്നാണ് വിവരം.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ദലൈലാമ ബോധ ഗയയിൽ എത്തിയത്. സോങ് സിയാലൻ ബോധ ഗയയിൽ എത്തിയതായി അന്വേഷണ ഏജൻസികൾക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിരുന്നു. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വർഷമായി ബോധ ഗയയിൽ ദലൈലാമയുടെ പ്രതിവർഷ സന്ദർശനം മുടങ്ങിയിരുന്നു.

ഇത്തവണ സന്ദർശനം പുനരാരംഭിച്ചപ്പോഴാണ് ചൈനീസ് ചാര വനിതയുടെ ഭീഷണിയുണ്ടായത്. ബുദ്ധ മതാനുയായിയുടെ വേഷത്തിൽ സോങ് സിയാലൻ രണ്ടു വർഷമായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളിൽ കഴിയുന്നതായി ഇന്റലിജൻസ് ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Advertisement