അർജീത് സിങ്ങിന്റെ പരിപാടിക്ക് അനുമതിയില്ല; വിവാദത്തിരയിൽ വീണ്ടും ഹിന്ദി ഗാനവും കാവി നിറവും

Advertisement

കൊൽക്കത്ത: ബോളിവുഡ് ചിത്രം പഠാനിലെ ഗാനവിവാദത്തിനു പിന്നാലെ, ഷാറുഖ് ഖാന്റെ മറ്റൊരു ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ടും വിവാദം. ബോളിവുഡ് ഗായകൻ അർജീത് സിങ്ങിന്റെ സംഗീത പരിപാടിക്ക് ബംഗാളിലെ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. അടുത്ത വർഷം ഫെബ്രുവരി 18ന് കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംഗീത പരിപാടിക്കാണ് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചത്. ഇവിടെ ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം.

എന്നാൽ ഇതിനെതിരെ ബിജെപി രംഗത്തെത്തി. അടുത്തിടെ നടന്ന കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ അർജീത് സിങ് ആലപിച്ച ഒരു ഗാനമാണ് ഇതിനു കാരണമെന്നാണ് ബിജെപിയുടെ ആരോപണം. ഷാറുഖ് ഖാനുള്ള സമർപ്പണമായി അദ്ദേഹം നായകനായി 2015ൽ പുറത്തിറങ്ങിയ ‘ദിൽവാലേ’ എന്ന ചിത്രത്തിലെ ‘രംഗ് ദേ തു മോഹേ ഗേരുവാ’ എന്ന ഗാനം അർജീത് സിങ് ആലപിച്ചിരുന്നു. ‘എന്നെ കാവി നിറം അണിയിക്കൂ’ എന്നാണ് ഈ വരികളുടെ ഏകദേശ പരിഭാഷ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഈ സമയം വേദിയിൽ സന്നിഹിതയായിരുന്നു.

മമത കൂടി സന്നിഹിതയായിരുന്ന ഈ പരിപാടിയിൽ പാടിയ ഗാനമാണ് അർജീത് സിങ്ങിന്റെ സംഗീത പരിപാടിക്ക് ബംഗാൾ സർക്കാർ അനുമതി നിഷേധിക്കാൻ കാരണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. അതേസമയം, അർജീത് സിങ്ങിന്റെ പരിപാടി നിശ്ചയിച്ചിരുന്ന ഇക്കോ പാർക്കിന് എതിർവശത്തുള്ള കൺവൻഷൻ ഹാളിൽ ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള പരിപാടി നടക്കുന്നുണ്ടെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് സംഗീതപരിപാടിക്ക് അനുമതി നൽകാതിരുന്നതെന്നും മന്ത്രി ഫിർഹാദ് ഹക്കിം വ്യക്തമാക്കി.

നേരത്തെ, ഷാറൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന്‍ സിനിമയ്ക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ചിത്രത്തിലെ ‘ബേഷ്റം രംഗ്’ എന്ന തുടങ്ങുന്ന ഗാനത്തിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ കാവി നിറമായിരുന്നു പ്രതിഷേധത്തിനു കാരണം. ഇതോടെ പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു സെന്‍സര്‍ ബോര്‍ഡ് നിർദേശം നൽകിയിരുന്നു.

Advertisement