കോളജ് വിദ്യാർത്ഥിനിയെ പുലി കടിച്ചു കൊന്നു

മൈസൂരു: കോളജ് വിദ്യാർത്ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂരുവിലെ ടി നർസിപൂർ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.

21 വയസ്സുള്ള മേഘ്‌ന എന്ന കോളജ് വിദ്യാർത്ഥിനിയാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം. വീട്ടിൽ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. പെൺകുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.

കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നർസിപൂർ സർക്കാർ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് മേഘ്‌ന.

മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് കർണാടക സർക്കാർ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകുമെന്നും വനം വകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താൻ വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു.

നരഭോജി പുലിയെ വെടിവെച്ചു കൊല്ലാൻ കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമത്തിൽ ഇത് രണ്ടാം തവണയാണ് പുലിയുടെ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഒരാൾ പുലിയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.

Advertisement