ഡൽഹിയിലെ വായുനിലവാര സൂചിക 431; രൂക്ഷമായി വായുമലിനീകരണം

Advertisement

ന്യൂഡൽഹി:l ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുനിലവാര സൂചികയിൽ 431ആണ് ഇന്നത്തെ വായു ഗുണനിലവാരം. ഡൽഹിയിൽ നാലാംക്ലാസ് വരെയുള്ള സ്കൂളുകൾക്ക് പ്രഖ്യാപിച്ച അവധിയും അമ്പത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോമും അനുവദിച്ചുള്ള തീരുമാനങ്ങൾ പ്രാബല്യത്തിൽ വന്നു. മലിനീകരണം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ട്രക്കുകൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

ഡൽഹിയിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. നോയിഡയിൽ വായുനിലവാര സൂചികയിൽ 529 ആണ് രേഖപ്പെടുത്തിയിരിക്കുനനത്. ഗുരുഗ്രാമിൽ 478ഉം, ധീർപൂരിൽ 534ഉമാണ് വായുനിലവാരം. ആൻറി സ്മോഗ് ഗണ്ണുകൾ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്ത് പൊടിപടലങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ ഡൽഹിയുലടനീളം ആരംഭിച്ചു. ട്രക്കുകൾക്കും ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന മീഡിയും ഹെവി ചരക്ക് വാഹനങ്ങൾക്കും, അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഡീസൽ വാഹനങ്ങൾക്കും കെട്ടിനിർമാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

ഈ നടപടികൾക്ക് ശേഷവും മലിനീകരണത്തിൽ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അടുത്ത ചൊവ്വാഴ്ചവരെ അവധി നൽകിയിരിക്കുന്നത്. മറ്റ് ക്ലാസുകൾക്ക് അസംബ്ലി, കായിക പരിപാടികൾ പോലുള്ള ക്ലാസിന് പുറത്തെ പ്രവൃത്തികളും നിർത്തിവച്ചു. വായുമലിനീകരണത്തിന് കുറവില്ലാത്തതിൻറെ പ്രധാന കാരണം വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നതാണ്. പഞ്ചാബിൽ മുൻവർഷത്തെ അപേക്ഷിച്ച് വയലവശിഷ്ടങ്ങൾ കത്തിക്കുന്നത് വർധിച്ചിരിക്കുകയാണ്.

ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 38% കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെ തുടർന്നെന്ന് കണക്കുകൾ. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5ന്റെ നില അപകടനിലയിലെത്താൻ കാരണം പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങളാണെന്നാണു വിലയിരുത്തൽ. ബുധനാഴ്ച പഞ്ചാബിൽ മാത്രം 3,634 കത്തിക്കൽ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. സീസണിലെ ഏറ്റവും വലിയ കണക്കാണിത്. ചൊവ്വാഴ്ച്ചയിതു 1,842 ആയിരുന്നു. തിങ്കളാഴ്ച 2,131, ഞായറാഴ്ച 1,761. ദീപാവലി ദിവസമായ ഒക്ടോബർ 24നു പിഎം 2.5ന്റെ 8% മാത്രമായിരുന്നു കത്തിക്കുന്നതിനെ തുടർന്നുള്ള പൊടി. ഇതാണ് ഏതാനും ദിവസങ്ങൾ കൊണ്ടു വർധിച്ചത്. അതേസമയം ഹരിയാനയിൽ 112 സംഭവങ്ങളും യുപിയിൽ 43 സംഭവങ്ങളുമാണു ഇന്നലെ സ്ഥിരീകരിച്ചത്.

വായു മലിനീകരണത്തിൽ നഗരവാസികൾ വലയുമ്പോഴും വിഷയത്തിൽ രാഷ്ട്രീയപ്പോര്. ആംആദ്മി പാർട്ടിക്കെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ തിരിച്ചടിച്ചു. പഞ്ചാബിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ വർധിക്കാൻ കാരണം കേന്ദ്രസർക്കാരാണെന്നും വായു മലിനീകരണം നിയന്ത്രിക്കാനായില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിലെ കത്തിക്കൽ സംഭവങ്ങൾ മുൻവർഷത്തെക്കാൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വായു മലിനീകരണ നിയന്ത്രണ കമ്മിഷനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisement