പോത്തുകളെ ഇടിച്ചു, ട്രെയിനിന് തകരാർ, പോത്ത് ഉടമകൾക്കെതിരെ കേസെടുത്ത് ഇന്ത്യൻ റെയിൽവേ

Advertisement

പോത്തുകളെ ഇടിച്ചു, ട്രെയിനിന് തകരാർ, പോത്ത് ഉടമകൾക്കെതിരെ കേസെടുത്ത് ഇന്ത്യൻ റെയിൽവേ
അഹമ്മദാബാദ്: കന്നുകാലികളെ ഇടിച്ചതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായതിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്. റെയിൽവേ ആക്ട് സെഷൻ 147 പ്രകാരമാണ് കേസ്.

വ്യാഴാഴ്ച രാവിലെ 11.15ന് ആയിരുന്നു സംഭവം. മുംബൈയിൽനിന്ന് ഗാന്ധിനഗറിലേക്കു പോയ ട്രെയിൻ അഹമ്മദാബാദ് സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ട്രാക്കിൽ ഉണ്ടായിരുന്ന കന്നുകാലികളെ ഇടിച്ചത്.

ഇടിയിൽ ട്രെയിനിന് തകരാർ സംഭവിക്കുകയും നാല് പോത്തുകൾ ചാവുകയും ചെയ്തു. വെള്ളിയാഴ്ചയും ട്രെയിൻ പശുവിനെ ഇടിച്ചിരുന്നു. അതേസമയം, ട്രെയിനിനു മുന്നിലെ ഫൈബർ കവചമാണ് തകർന്നതെന്നും യന്ത്രഭാഗങ്ങൾക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും കിഴക്കൻ റെയിൽവേ പിആർ ഓഫിസർ സുമിത് ഠാക്കുർ പറഞ്ഞു.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന ട്രെയിനാണ് വന്ദേഭാരത്. അതിവേഗവണ്ടികൾ പോകുന്ന പാളങ്ങളിലേക്ക് മൃഗങ്ങൾ കടക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement