വഴിയരികിൽ പ്രസവവേദനയിൽ പിടഞ്ഞ ഭിക്ഷാടകയുടെ പ്രസവമെടുത്ത് പോലീസുകാരി

ചെന്നൈ : റോഡരികിൽ പ്രസവവേദനയിൽ പിടഞ്ഞ ഭിക്ഷാടകയ്‌ക്ക് സഹായവുമായെത്തിയത് രാജകുമാരി. വെല്ലൂർ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജകുമാരിയാണ് തക്കസമയത്ത് യുവതിയെ സഹായിക്കാൻ എത്തിയത്.

തുടർന്ന് അവിടെ വെച്ച്‌ തന്നെ പ്രസവമെടുത്തു.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ജോലിക്ക് പ്രവേശിക്കാൻ എത്തിയതായിരുന്നു രാജകുമാരി. പെട്ടെന്നാണ് ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത്. പുറത്ത് തുണിക്കടയ്‌ക്കരികിൽ പോയി നോക്കിയപ്പോൾ ഒരു ഭിക്ഷാടകയായ സ്ത്രീ പ്രസവവേദനയാൽ ബുദ്ധിമുട്ടുന്നത് കണ്ടു. ആറ് വയസുള്ള ഒരു ആൺകുട്ടിയും അവൾക്കരികിൽ ഉണ്ടായിരുന്നു.

ഇത് കണ്ടയുടൻ രാജകുമാരി സ്റ്റേഷനിലേക്ക് ഓടി. സബ് ഇൻസ്പെക്ടർ പത്മനാഭനെയും വനിതാ കോൺസ്റ്റബിൾ ശാന്തിയെയും സഹായത്തിനായി ഒപ്പംകൂട്ടി. തുടർന്ന് മൂന്ന് പേരും ചേർന്ന് യുവതിയുടെ പ്രസവമെടുത്തു. യുവതിക്ക് പെൺകുഞ്ഞാണ് പിറന്നത്.

അമ്മയെയും നവജാത ശിശുവിനെയും ആംബുലൻസിൽ കയറ്റി സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. വിവാഹ ശേഷം ഭർത്താവ് ഉപേക്ഷിച്ച്‌ പോയതാണ് യുവതിയെ. ജീവിക്കാൻ വേറെ മാർഗമില്ലാത്തത് കാരണമാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത് എന്നും യുവതി പറഞ്ഞു. അമ്മയ്‌ക്കും കുഞ്ഞിനും ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയാണ് രാജകുമാരി അവിടെ നിന്നും പോയത്. ഇനിമുതൽ ഭിക്ഷാടനം നടത്തരുതെന്നും യുവതിയോട് നിർദ്ദേശിച്ചു.

Advertisement