ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിഞ്ഞു; സർക്കാർ സ്‌കൂളിലെ പാചകക്കാരൻ അറസ്റ്റിൽ

ഉദയ്പുർ: ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിയാൻ കുട്ടികളോടു നിർദേശിച്ച സർക്കാർ സ്‌കൂൾ പാചകക്കാരൻ അറസ്റ്റിൽ.

രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം.

ബറോഡിയിലെ സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുർജാർ ആണ് അറസ്റ്റിലായത്. ഇയാൾ പാചകം ചെയ്യുന്ന ഭക്ഷണം വിദ്യാർഥികളെക്കൊണ്ട് വിളമ്പിക്കുകയായിരുന്നു പതിവ്. സാധാരണ ഇയാൾ മേൽജാതിക്കാരായ വിദ്യാർഥികളെയാണ് ഇതിനു നിയോഗിക്കാറുള്ളത്. കഴിഞ്ഞ ദിവസം അധ്യാപിക നിർദേശിച്ചത് അനുസരിച്ച്‌ ദലിത് വിഭാഗത്തിൽനിന്നുള്ള പെൺകുട്ടിയാണ് ഭക്ഷണം വിളമ്പിയത്.

ദലിത് ബാലിക ഭക്ഷണം വിളമ്പുന്നതു കണ്ട ലാലാ റാം അതു തടയുകയും വാങ്ങിയ കുട്ടികളോട് വലിച്ചെറിയാൻ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാർഥികൾ ഇത് അനുസരിച്ചു. തുടർന്ന് ദലിത് ബാലിക വീട്ടിലെത്തി വിവരം പറഞ്ഞു. ഇതിനെത്തുടർന്നു വീട്ടുകാർ സ്‌കൂളിൽ എത്തി പരാതി നൽകുകയായിരുന്നു.

Advertisement