നീലകണ്ഠതീർത്ഥപാദരെപ്പറ്റി അറിയാതെ കരുനാഗപ്പള്ളിയെപ്പറ്റി അറിഞ്ഞിട്ടെന്ത്

കരുനാഗപ്പള്ളിരേഖകൾ -9

ഡോ. സുരേഷ് മാധവ്
………………………………….
“നടക്കുന്ന ഗ്രന്ഥശാല “എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നീലകണ്ഠതീർത്ഥപാദർക്ക് (1872-1921)ഭക്ഷണത്തെക്കാൾ പ്രിയം, പുസ്തകങ്ങളോടായിരുന്നു. കരുനാഗപ്പള്ളിയിലെ ആദിനാട് കൈതവന മഠത്തിലും പുതിയകാവ് താഴത്തോട്ടത്ത്മഠത്തിലുമായി അവസാനഘട്ടം കഴിച്ചുകൂട്ടിയ തീർത്ഥസ്വാമിയുടെ ഏതു നിരീക്ഷണവും പ്രാമാണികമായിരുന്നു. ചട്ടമ്പിസ്വാമികൾ തന്റെ പ്രിയശിഷ്യനെ ‘തീർത്ഥൻ ‘എന്നാണ് വിളിച്ചിരുന്നത്.

ശ്രീനാരായണഗുരുഒരു കത്തിൽ ‘പ്രണയമിത്രം”എന്നാണ് തീർത്ഥസ്വാമിയെ വിളിച്ചത്.

ഭഗവദ്ഗീതയ്ക്ക് പണ്ഡിതന്മാരെല്ലാം വ്യാഖ്യാനമെഴുതുന്ന അക്കാലത്ത് തീർത്ഥൻ ആ വഴി പോയില്ല. അധികമാരും തൊടാത്ത ശ്രീരാമഗീത, ആത്മപഞ്ചകം, ഹഠ യോഗപ്രദീപിക തുടങ്ങിയവയുടെ ഭാഷാന്തരത്തിലാണ് കൈവച്ചത്. കാമവിലാസം എന്നു പേരുകിട്ടിയ ഗീതഗോവിന്ദത്തിനു അദ്വൈതവ്യാഖ്യാനമെഴുതാനും തീർത്ഥസ്വാമിയ്ക്കേ ധൈര്യമുണ്ടായുള്ളൂ. കേരളത്തിൽ എം ആർ ബിയുടെയും വി. ടിയുടെയും നേതൃത്വത്തിൽ വിധവാവിവാഹവിപ്ലവങ്ങൾ അരങ്ങേറുന്നതിനും പതിനഞ്ചുകൊല്ലം മുമ്പാണ് “പുനർവിവാഹം “(1915) എന്ന പ്രബന്ധമെഴുതി വിധവാവിവാഹത്തിന് ആധികാരികപിന്തുണ നൽകിയത്.

ശുദ്ധിയുണ്ടെങ്കിൽ ആർക്കും പൂജിക്കാം എന്നു സമർത്ഥിക്കുന്ന’ദേവാർച്ച പദ്ധതി’യും ഹിന്ദുക്കളുടെ ചടങ്ങുകളെ ഏകീകരിക്കുന്ന’ആചാരപദ്ധതി’യും എഴുതി. പി. കെ നാരായണപിള്ളയെ “സാഹിത്യപഞ്ചാനനൻ “എന്നും സി. വി യെ ‘കേരളഭട്ടബാണൻ’എന്നും വള്ളത്തോളിനെ’കേരളടാഗോർ’എന്നും വിളിച്ചത് തീർത്ഥസ്വാമിയായിരുന്നു. ഇങ്ങനെ ഗ്രന്ഥവിചാരങ്ങളിലൂടെ ലോകത്തെക്കണ്ട നീലകണ്ഠതീർത്ഥപാദർ “ഗ്രന്ഥശാലാതീർത്ഥാടനം “നടത്തിയതിൽ അത്ഭുതമില്ല.1906ലും1909ലും ഇന്ത്യയുടെ പല തീർത്ഥാടനകേന്ദ്രങ്ങളിൽ സഞ്ചരിച്ച തീർത്ഥസ്വാമി, രാജ്യത്തെ മികച്ച ഗ്രന്ഥശാലകൾ സന്ദർശിച്ച് പണ്ഡിതൻമാരുമായി ചർച്ച നടത്തുകയുണ്ടായി.1906ലെ യാത്രയിൽ അടയാർ, കുംഭകോണം, കാഞ്ചിപുരം തുടങ്ങിയ തീർത്ഥസ്ഥാനങ്ങളിലെ പുസ്തകാലയങ്ങളിൽ പോയി ആലഹള്ളി കൃഷ്ണശാസ്ത്രീകൾ, സിദ്ധാന്തസരസ്വതി, ഖാൻ സാഹിബ്‌, കുംഭകോണം ഗണപതിശാസ്ത്രി തുടങ്ങിയ പണ്ഡിതന്മാരുമാരുമായി സംവദിക്കുകയുണ്ടായി.

1909ൽ ബാംഗ്ലൂർ, പൂന, പഞ്ചവടി, അയോദ്ധ്യ, വടമധുര, കൽക്കത്തതുടങ്ങിയ ക്ഷേത്രനഗരങ്ങൾ സന്ദർശിച്ച ശേഷം അവിടുത്തെ ഗ്രന്ഥശാലകളിലും എത്തുകയുണ്ടായി.അവിടെയെല്ലാം സ്വകൃതികളും സമ്മാനിച്ചു.പൂനയിൽ വെച്ചാണ് ലോകപ്രസിദ്ധനായ എസ്. ആർ ഭണ്ഡാർക്കറു(1837-1925)മായി സംസാരിച്ചത്. തീർത്ഥസ്വാമിയുടെ രചനകൾ തന്റെ ഗ്രന്ഥശേഖരത്തിലുണ്ടെന്നു ഭണ്ടാർക്കർ തന്നെ വെളിപ്പെടുത്തി. ഇംഗ്ലീഷിലായിരുന്നു സംസാരം.കേരളീയചരിത്രത്തിലെ സമുദായ വിഷയങ്ങൾ ചർച്ചാ വിഷയമായി. ഭണ്ഡാർ ക്കർ ജീവിച്ചിരുന്നപ്പോൾ തന്നെയാണ് അദ്ദേഹത്തിന്റെ പേരിൽ ഭണ്ഡർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (1917)സ്ഥാപിതമായത്. മലയാളത്തിലെഏറ്റവും വലിയ ആദ്യത്തെ ജീവചരിത്രമായ “നീലകണ്ഠതീർത്ഥപാദ സ്വാമിചരിത്രസമുച്ചയം(1920)പുറത്തുവന്നത് തീർത്ഥസ്വാമിയുടെ ജീവിതകാലത്ത് തന്നെയായിരുന്നു. രണ്ടും നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ മഹാകൗതുകങ്ങൾ.

പുസ്തകങ്ങളാണ് മനുഷ്യചിന്തയുടെ ജീവൻ എന്നു വിശ്വസിച്ചിരുന്ന തീർത്ഥസ്വാമി ഗ്രന്ഥശാലകൾ ഇല്ലാത്ത നാട് അധപതിയ്ക്കും എന്നു മുന്നറിയിപ്പും നല്കിയിരുന്നു.കരുനാഗപ്പള്ളി പുതിയകാവ് താഴത്തോട്ടത്തു മഠത്തിൽ വെച്ച് 1921ആഗസ്ത് 7ന് നീലകണ്ഠതീർത്ഥപാദർ സമാധിയായപ്പോൾ ചട്ടമ്പിസ്വാമികളാണ് പ്രതിഷ്ഠാകർമം നടത്തിയത്. ചട്ടമ്പിസ്വാമികൾ നിർവഹിച്ച ഒരേയൊരു പ്രതിഷ്ഠാപനം.

Advertisement