ഡി.ബാലചന്ദ്രൻ (90) നിര്യാതനായി

കൊല്ലം: സി.പി.എം നേതാവും പ്രമുഖ സഹകാരിയും കേരള പഞ്ചായത്ത് പ്രസിഡന്റ്‌സ്‌ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ഡി.ബാലചന്ദ്രൻ (90) നിര്യാതനായി. കൊല്ലം എൻ.എസ്‌ ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. സംസ്കാരം മയ്യനാട്ടുള്ള സ്വവസതിയിൽ (സുമതിഭവൻ) ഇന്ന് രാത്രി 8 ന് .
കേരള പ്രൈവറ്റ് ടീച്ചേർസ് യൂണിയൻ സ്ഥാപകനേതാവും സംസ്ഥാന സെക്രട്ടറിയും കൊല്ലം എൻ.എസ് ഹോസ്പിറ്റൽ സ്ഥാപക സെക്രട്ടറിയും ആയിരുന്നു പരേതൻ. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ദീർഘകാലം മയ്യനാട് എൽ.ആർ.സി ലൈബ്രറി പ്രസിഡന്റായും നവരംഗം കഥകളിസമിതി പ്രസിഡന്റായും മയ്യനാട് റീജിയണൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
മികച്ച സഹകാരിക്കുള്ള സംസ്ഥാന അവാർഡ്, മികച്ച ഗ്രന്ഥശാല പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് തുടങ്ങി അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നാം വയസ്സിൽ മയ്യനാട് ഹൈസ്കൂൾ അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. മയ്യനാടിന്റെ പല തലമുറകളെ വിദ്യാഭ്യാസസാംസ്കാരികപരമായി വളർത്തിയെടുക്കുന്നതിൽ ഇക്കാലയളവിൽ അതുല്യമായ പങ്ക് നിർവ്വഹിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിലും ശിഷ്യസമ്പത്തുള്ള അദ്ദേഹം ദീർഘകാലം മയ്യനാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശേഷം വിരമിച്ചു.
മയ്യനാടിന്റെ സാമൂഹികസാംസ്കാരിക ജീവിതത്തിൽ നിറസാന്നിദ്ധ്യമായിരുന്ന പരേതന്റെ നവതി ആഘോഷച്ചടങ്ങുകൾ അടുത്തകാലത്ത് വിപുലമായ പരിപാടികളോടെ മയ്യനാട് ഗ്രാമം കൊണ്ടാടിയിരുന്നു. വലിയൊരു ജനസാനിധ്യം ചടങ്ങിനെ ഹൃദ്യമാക്കി.
മയ്യനാട് ഹൈസ്കൂൾ അധ്യാപിക ആയിരുന്ന പി.ലീലാവതിയാണ് ഭാര്യ. കേരളകൗമുദി മുൻ എക്സിക്യുട്ടീവ് എഡിറ്റർ ബി.സി ജോജോ. പ്രമുഖ ഫിലിം നിർമ്മാതാവ് ബി.സി ജോഷി എന്നിവർ മക്കളാണ്. വർക്കല എസ്.എൻ കോളേജ് ഹിന്ദി വിഭാഗം റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.കെ സുഷമ, മയ്യനാട് ഹയർ സെക്കൻഡറി ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക ബിന്ദു.എസ് എന്നിവർ മരുമക്കൾ.

Advertisement