ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണ കൊടിമരം ഇളക്കി മാറ്റി,പഴയ കേസ് ഇളകാതെ തുടരുന്നു

Advertisement

ശാസ്താംകോട്ട : ഏറെ വിവാദമായ ശാസ്താംകോട്ട ധർമ്മശാസ്താക്ഷേത്രത്തിലെ കൊടിമരം ഇളക്കി മാറ്റി.ആചാരമനുസരിച്ച് ഇളക്കി മാറ്റിയ കൊടിമരത്തിൻ്റെ ദഹനം
വ്യാഴാഴ്ച നടത്തും.പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുന്നോടിയായി ആണ് പഴയ കൊടിമരം ഇളക്കി മാറ്റിയത്.2012 ജനുവരിയിലാണ് ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന കൊടിമരം മാറ്റി സ്വർണ്ണ കൊടിമരം സ്ഥാപിച്ചത്.ഭക്തജനങ്ങളും ദേവസ്വം ബോർഡും ചേർന്ന് 1.67 കോടി രൂപ ചെലവഴിച്ചാണ് സ്വർണ്ണ കൊടിമരം സ്ഥാപിച്ചത്.എന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ കൊടിമരത്തിൻ്റെ പറകൾക്ക് നിറം മാറ്റം സംഭവിക്കുകയും ക്ലാവ് പിടിക്കുകയും ചെയ്തു.ഇതോടെ പരാതികൾ ഉയർന്നു.

തുടർന്ന് ഹൈക്കോടതിയിൽ കേസ് എത്തുകയും കോടതി നിർദ്ദേശം അനുസരിച്ച് വിവിധ ഏജൻസികൾ സ്വർണ്ണത്തിൻ്റെ ഗുണനിലവാര പരിശോധനകൾ നടത്തുകയും ചെയ്തങ്കിലും വ്യക്തമായ നിഗമനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ 2018 ഡിസംബറിൽ വിക്രം സാരാഭായി സ്പേസ് സെൻ്ററിലെ ഉദ്യോഗസ്ഥർ കൊടിമരത്തിൻ്റെ പറകൾ ഇളക്കി മാറ്റി അതിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. നിർമ്മാണത്തിലെ അപാകതയും രാസവസ്തുക്കളുടെ അമിതമായ ഉപയോഗവുമാണ് ക്ലാവ് പിടിക്കാൻ കാരണമെന്നാണ് ഫലം എന്നാണ് അറിയുന്നത്.

ഇത് സംബന്ധിച്ച് അന്തിമ കോടതി വിധി ഉണ്ടായിട്ടുമില്ല.കൊടിമരത്തിന്‍റെ പേരില്‍ വെട്ടിപ്പുനടത്തിയവര്‍ സമൂഹത്തില്‍ നേതാക്കളായി ഇപ്പോഴും വിലസുകയാണ്. നാടിനുതന്നെ കടുത്ത അപമാനം ഉണ്ടാക്കിയ കൊടിമരക്കേസ് ദശാബ്ദം കഴിഞ്ഞിട്ടും ഒന്നുമാകാത്തത് ദേവസ്വം ബോര്‍ഡിന്‍റെ നിലപാടുമൂലമാണ്.

കഴിഞ്ഞ 4 വർഷത്തിലധികമായി ക്ഷേത്രത്തിൽ കൊടിമരം ഇല്ലാത്ത അവസ്ഥയാണ്. ഉത്സവത്തിന് താത്ക്കാലിക കൊടിമരം സ്ഥാപിച്ചാണ് കൊടിയേറ്റുന്നത്.ഈ സാഹചര്യത്തിൽ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നിലവിലെ കൊടിമരം ഇളക്കി മാറ്റിയത്. എന്നാൽ പഴയ കൊടിമരത്തിൻ്റെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകാതെ പുതിയ കൊടിമരം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Advertisement