28.1 C
Kollam
Wednesday 9th September, 2026 | 08:06:31 PM
Home News Local ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം ആരംഭിച്ചു; പൊതുജനങ്ങള്‍ സഹകരിക്കണം

ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം ആരംഭിച്ചു; പൊതുജനങ്ങള്‍ സഹകരിക്കണം

ദേശീയ സാമ്പിള്‍ സര്‍വേ 81-ാം റൗണ്ടിന്റെ ഭാഗമായുള്ള വിവരശേഖരണം ജില്ലയില്‍ ആരംഭിച്ചതായും സര്‍വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ‘ഗ്രാമീണ കാര്‍ഷിക കുടുംബങ്ങളുടെ വസ്തുവകകളും കന്നുകാലികളുടെ വിവരങ്ങളും വിലയിരുത്തലും’, ‘സര്‍വേ ഓണ്‍ ഓള്‍ ഇന്ത്യ ഡെബ്റ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്’ എന്നിവ മുന്‍നിര്‍ത്തി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് സര്‍വേ നടപ്പിലാക്കുന്നത്.
ജൂലൈ ഒന്ന് മുതല്‍ 2027 ജൂണ്‍ 30 വരെ നീളുന്ന സര്‍വേയില്‍ കുടുംബങ്ങളുടെ കടബാധ്യത, ആസ്തി, ഗ്രാമീണ മേഖലയിലെ കാര്‍ഷിക കുടുംബങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കുന്നത്.
പൊതുനയങ്ങളുടെ ഫലമായി നിക്ഷേപ-സാങ്കേതിക മേഖലകളില്‍ വന്ന മാറ്റങ്ങള്‍, കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിഭവങ്ങളും വരുമാനമാര്‍ഗങ്ങളും, കാര്‍ഷിക കുടുംബങ്ങളുടെ ക്ഷേമം എന്നിവ സര്‍വേയിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും.
ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമ-നഗര പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് ജീവനക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും രാജ്യപുരോഗതിക്ക് അത്യന്താപേക്ഷിതമായ വിവര ശേഖരണത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.