കേന്ദ്ര സർക്കാരിൻ്റെ ആത്മവിശ്വാസം വിളിച്ചറിയിച്ച ബജറ്റ്

കൊല്ലം . കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ഇടക്കാലബജറ്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയാറെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ആത്മവിശ്വാസത്തെയാണ് പ്രകടമാക്കുന്നത് എന്ന് ദേശീയ അധ്യാപക പരിഷത്ത് . സാധാരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ, കപടമായ വാഗ്ദാനങ്ങളും വമ്പൻ പ്രഖ്യാപനങ്ങളും നിറഞ്ഞ ബജറ്റായിരിക്കും അവതരിപ്പിക്കുക. എന്നാൽ, ഇപ്പോൾ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ഇല്ലെന്ന് മാത്രമല്ല; തെരഞ്ഞെടുപ്പിന് ശേഷം ജൂലൈ മാസത്തിൽ സമ്പൂർണ്ണ ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്ന ധനമന്ത്രിയുടെ നിലപാട് സർക്കാരിൻ്റെയും മുന്നണിയുടെയും ആത്മവിശ്വാസത്തെ പ്രകടിക്കുന്നതുമാണ്.

കഴിഞ്ഞ പത്ത് വർഷക്കാലമായി നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി നിരത്തിയതിലൂടെ, കേന്ദ്ര സർക്കാർ, അവകാശവാദങ്ങൾക്കുപരി യാഥാർത്ഥ്യബോധത്തോടെയുള്ള വികസനം ജനങ്ങൾക്ക് അനുഭവവേദ്യമാക്കി കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള, നടപ്പാക്കാൻ കഴിയാത്ത പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ പറ്റിച്ച് വോട്ട് തട്ടുന്ന പഴഞ്ചൻ രീതിക്കാണ് കേന്ദ്ര ധനമന്ത്രി അന്ത്യം കുറിച്ചിരിക്കുന്നത്. രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ മോദി സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ബജറ്റിൽ നിഴലിക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയ സർക്കാരിന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഗിമ്മിക്കുകളുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പിസ് ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.

Advertisement