യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

കൊല്ലം: മുന്‍വിരോധത്താല്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍
ഒരാള്‍ കൂടി പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി മോഹന്‍ദാസ്(34) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ മുജീബിനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
കൊല്ലം വെസ്റ്റ്, ചെറുകുളം സ്വദേശിയായ ജോബിനെയാണ് ഇവര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ 22ന് വൈകുന്നേരം മോഹന്‍ദാസും മുജീബും അടക്കമുള്ള പ്രതികള്‍ മൂലങ്കര ജനതാപ്രസിന് സമീപം വച്ച് കാറില്‍ വരികയായിരുന്ന ജോബിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികള്‍ കല്ലെറിഞ്ഞത് ചോദ്യംചെയ്യാന്‍ ഇയാള്‍ വന്നതാണെന്ന് കരുതിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. കാറ്റാടി കമ്പ്‌കൊണ്ടും തടിക്കഷ്ണം കൊണ്ടുമുള്ള ആക്രമത്തില്‍ ജോബിന് തലയില്‍ പരിക്കേല്‍ക്കുകയും മുഖത്തെ അസ്ഥിക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു. ശക്തികുളങ്ങര എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement