ചക്കുവള്ളിയിലെ നവകേരള സദസ്:സർക്കാരിന്റെ വാദങ്ങൾക്ക് തിരിച്ചടിയായത് സുപ്രീം കോടതി വിധി

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ തിങ്കളാഴ്ച നടത്താനിരുന്ന നവകേരള സദസിന്റെ വേദി ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാരിനും സംഘാടക സമിതിക്കും തിരിച്ചടിയായി.വർഷങ്ങൾക്ക് മുമ്പ് പരബ്രഹ്മ ക്ഷേത്ര മൈതാനത്തെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവാണ്
ഹൈക്കോടതിയിൽ സർക്കാരിന്റെ വാദങ്ങൾക്ക് തിരിച്ചടിയായത്.

നവകേരള സദസിന് ക്ഷേത്രമൈതാനം ഉപയോഗിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി ഭാരവാഹികളായ കുന്നത്തൂർ സ്വദേശി ജെ.ജയകുമാർ,മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹർജി പരിഗണിച്ച ഹൈക്കോടതി മൈതനാത്തിന്റെ രൂപരേഖ ഹാജരാക്കാൻ അനുമതി നൽകിയ
ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.ചക്കുവള്ളി സ്കൂൾ മൈതാനം എന്ന നിലയിലാണ് ബോർഡ് അനുമതി നൽകിയിരുന്നത്.എന്നാൽ വെള്ളിയാഴ്ച ഹർജി വീണ്ടും ഹൈക്കോടതി പരിഗണിച്ചപ്പോൾ ക്ഷേത്രഭൂമിയിൽ നിന്നും 500 മീറ്റർ അകലെയാണ് പരിപാടി നടക്കുന്നതെന്ന് വാദിച്ചെങ്കിലും അത് തെറ്റാണെന്നും അഞ്ച് മീറ്റർ പോലും ദൂരപരിധിയില്ലെന്നും കോടതി നിരീക്ഷിച്ചു.

പുറമ്പോക്ക് ഭൂമിയാണെന്ന വാദമുയർത്തി വിധി പ്രതികൂലമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.സദസ് നടത്തുന്നതിനായി കണ്ടെത്തിയ ക്ഷേത്ര മൈതാനം ഉൾപ്പെടുന്ന ഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണെന്നും മറ്റാർക്കും അധികാരമില്ലെന്നുമുളള സൂപ്രീം കോടതി ഉത്തരവ് ഹാജരാക്കിയാണ് സർക്കാർ വാദത്തെ ഹർജിക്കാർ നേരിട്ടത്.വർഷങ്ങൾക്ക് മുമ്പുള്ള സൂപ്രീം കോടതി വിധി ഉയർത്തിക്കാട്ടിയ ഹൈക്കോടതി ക്ഷേത്ര മൈതാനം ക്ഷേത്ര ആചാരങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.അഡ്വ.സജിത്ത് ഹർജിക്കാർക്കു വേണ്ടി ഹാജരായി.

Advertisement