ട്രാഫിക് പോലീസ് നിര്‍ബന്ധിച്ച് സീബ്ര ലൈനുകളില്‍ വണ്ടി ഇടീപ്പിക്കും; പെറ്റി വരുന്നന്നെന്ന ആരോപണവുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍

കൊട്ടാരക്കര: ട്രാഫിക് കടക്കാന്‍ ക്യൂവില്‍ കിടക്കുന്ന ഓട്ടോറിക്ഷകളെ ട്രാഫിക് പോലീസ് നിര്‍ബന്ധിച്ച് സീബ്ര ലൈനുകള്‍ക്ക് മുന്നിലേക്ക് ഇടീക്കുമ്പോള്‍ എഐ ക്യാമറകള്‍ വഴി പെറ്റി ലഭിക്കുന്നതായുള്ള പരാതിയുമായി പുലമണ്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്ത്. എന്നാല്‍ ഇത്തരത്തില്‍ തന്നെ സീബ്ര ലൈനിനും റോഡിന് കുറുകയുമിടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് യാതൊരു പെറ്റിയും ലഭിക്കുന്നില്ലായെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നു. മന്ത്രിമാരും മറ്റും പോകുമ്പോള്‍ ട്രാഫിക് ലൈറ്റ് ഓഫാക്കി പോലീസ് വഴി ഒരുക്കുമ്പോഴാണ് സാധരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇത്തരത്തിലുള്ള പെറ്റികള്‍ക്ക് ഇരയാകേണ്ടി വരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. പ്രവര്‍ത്തിക്കാതെ ഇരുന്ന ക്യാമറകള്‍ അടുത്തിടെയാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതിനു ശേഷം സ്റ്റാന്‍ഡിലെ മുഴുവന്‍ ഓട്ടോകള്‍ക്കും പിഴ ലഭിച്ചതായി തൊഴിലാളികള്‍ പറയുന്നു. 19000, 25000 രൂപ പിഴയാണ് മണിക്കൂറുകള്‍ക്കുള്ളിലും ദിവസങ്ങള്‍ക്കുള്ളിലും പലര്‍ക്കും ലഭിച്ചത്. ഇത്തരത്തിലുള്ള പിഴ അടയ്ക്കുവാനാകാതെ ഓട്ടോറിക്ഷ തൊഴിലാളികള്‍ വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
സ്‌പെഷ്യല്‍ അദാലത്തിലൂടെയും മറ്റും പെറ്റിയായി ലഭിച്ച തുക കുറച്ചു നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. റോഡിന്റെ വികസനമില്ലായ്മയ്ക്ക് തങ്ങളെ എന്തിനാണ് ചൂഷണം ചെയ്യുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്ക് നിറവും, നമ്പറും നല്‍കുമെന്ന് നഗരസഭ പലതവണ പദ്ധതി ഇട്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ട്രാഫിക് അവലോകനത്തില്‍ ഓട്ടോ യൂണിയന്‍ പ്രതിനിധികളെ വിളിക്കാറില്ലായെന്നും ട്രാഫിക്കില്‍ നഗരസഭ 10 രൂപ ഫീസ് വാങ്ങി വലിയ ഗതാഗത കുരുക്ക് ഉണ്ടാക്കുകയാണെന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു.

Advertisement