കുമരംചിറയിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം: കാര്‍ തകര്‍ത്തു, പോലീസ് നിഷ്ക്രിയം

ശൂരനാട് തെക്ക് കുമരംചിറ പുത്തൻപുരയിൽ രാജീവിൻ്റെ കാറ് സാമൂഹികവിരുദ്ധർ തല്ലിതകർത്ത നിലയിയിൽ
Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ പതിമൂന്നാം വാർഡായ കുമരംചിറയിലും പരിസരങ്ങളിലും സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കെ ഐ പി ജീവനക്കാരനായ തൃക്കുന്നപ്പുഴ തെക്ക് പുത്തൻപുരയിൽ രാജീവിൻ്റെ പോർച്ചിൽ കിടന്നിരുന്ന പുതിയ സ്വിഫ്റ്റ് കാർ സാമൂഹികവിരുദ്ധർ തല്ലിതകർത്തു. കാറിൻ്റെ ഫ്രണ്ട് ഗ്ലാസ് പൂർണമായി തകർക്കുകയും ബോണറ്റിനും വലതുഡോറിനും കേടുപാടുകൾ വരുത്തുകയും ചെയ്തു. അമ്പതിനായിരം രൂപയിലധികം നഷ്ടം സംഭവിച്ചതായി രാജീവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സമീപവാസിയായ കമ്പിനിമുക്ക് പുളിന്താനത്ത് തെക്കതിൽ നവാസിൻ്റെ ഓട്ടോയുടെ പെട്രോളും രാത്രിയിൽ അക്രമികൾ ഊറ്റിയതായി പറയുന്നു. രാത്രികാലങ്ങളിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങളിലും കമ്പനി മുക്കിന് സമീപവും മദ്യപിക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിനുമായി ചിലർ സ്ഥിര താവളമാക്കി മാറ്റിയിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന് ഇവിടെ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നത് പതിവാണെന്ന് പരാതി നിരന്തരം ചുണ്ടിക്കാട്ടിയിട്ടും പോലീസ് നിഷ്ക്രീയമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കണമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം.

Advertisement