അഞ്ചാലുംമൂട്ടില്‍ ഹോട്ടൽ മാനേജരെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ ആറു പേർ പൊലീസ് പിടിയിൽ

അഞ്ചാലുംമൂട്ടില്‍ ഹോട്ടൽ മാനേജരെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ ആറു പേർ പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന പ്രതികളിൽ ഒരാളെ സേലത്ത് നിന്നും മറ്റുള്ളവരെ പ്രാക്കുളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുമുള്ള ചെമ്മക്കാട് സ്വദേശി പ്രജീഷിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അഞ്ചാലുംമൂട് ലേക് പാലസ് ബാർ ഹോട്ടലിലെ മാനേജർ ഷിബു കുര്യാക്കോസിനെ കഴിഞ്ഞമാസം 24ന് രാത്രി ബാര്‍ വളപ്പിലിട്ട് അതിക്രൂരമായി മര്‍‌ദിച്ച കേസിലാണ് ആറുപേര്‌‍ അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതി പെരിനാട് ഇടവട്ടം എൽഎംഎസ് സ്കൂളിന് സമീപം ലളിത ഭവനത്തിൽ ജിഷ്ണു, നാലാം പ്രതി അഷ്ടമുടി മോസ്കോ ജംക്‌ഷന് സമീപം തെക്കേ വയലിൽ നിഥിൻ, അഞ്ചാം പ്രതി അഷ്ടമുടി വടക്കേക്കര കുരുമ്പലമൂട് സന്തോഷ് ഭവനത്തിൽ സുധീഷ്, സഹോദരൻ സുനീഷ് , ഏഴാം പ്രതി ചെറുമൂട് കളരി ക്ഷേത്രത്തിന് സമീപം ശങ്കര വിലാസത്തിൽ ജിതിൻ, പ്രതികളെ ഒളിവിൽതാമസിപ്പിച്ച പ്രാക്കുളം പോസ്റ്റ് ഓഫിസിന് സമീപം പള്ളശ്ശേരി തൊടിയിൽ സൂരജ് എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ചിലർ രാസ ലഹരിയുടെ വിൽപനക്കാരും ഉപയോക്താക്കളുമാണെന്ന് പൊലീസ് പറഞ്ഞു. 10 അംഗ ഗുണ്ടാ സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിൽ പ്രതിയുമായ ചെമ്മക്കാട് സ്വദേശി പ്രജീഷും സംഘവും ബാറിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. ബാർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും ഒരു മണിക്കൂറിനകം പ്രതികൾ ജാമ്യത്തിലിറങ്ങി. ഇതാണ് ബാര്‍ മാനേജറെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചത്.

Advertisement