യെമനിൽ നിന്നും ഭാര്യ നാട്ടിലെത്തി:ജോലിക്കിടെ അപകടത്തിൽ മരിച്ച പൊതു പ്രവർത്തകൻ സന്തോഷ് ഗംഗാധരന്റെ സംസ്കാരം വെള്ളിയാഴ്ച


ശാസ്താംകോട്ട : ജോലിക്കിടെ അപകടത്തിൽ മരിച്ച
പൊതു പ്രവർത്തകൻ പടിഞ്ഞാറെ കല്ലട വലിയപാടം ഗംഗാ സദനത്തിൽ സന്തോഷ് ഗംഗാധരന്റെ (46) സംസ്കാരം നാളെ (വെള്ളി) പകൽ 12 ന് വീട്ടുവളപ്പിൽ നടക്കും.ഈ മാസം ഏഴിന് വൈകിട്ടോടെ കൊല്ലം പരവൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ താഴെ വീണ് പരിക്കേറ്റാണ് മരണം സംഭവിച്ചത്.പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം.ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യെമനിൽ നഴ്സായി ജോലി നോക്കുന്ന ഭാര്യ ശാലിനി നാട്ടിലെത്താൻ വൈകിയതാണ് സംസ്ക്കാരം ഒരാഴ്ചയോളം നീണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.ശാലിനി ഇന്ന് ഉച്ചയോടെ യെമനിൽ നിന്നും വീട്ടിലെത്തിയിട്ടുണ്ട്.

പരിസ്ഥിതി പ്രവർത്തകനും ദളിത് കോൺഗ്രസ് നേതാവുമായിരുന്ന സന്തോഷ് ഗംഗാധരന്റെ ആകസ്മിക വേർപാട് നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്.ശാസ്താംകോട്ട തടാക സംരക്ഷണം,പടിഞ്ഞാറെ കല്ലടയിലെ ഖനന വിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങി നിരവധി ജനകീയ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചയാളാണ്.വലിയപാടം ഗവ.യു.പി സ്കൂളിലെ മുൻ പിടിഎ പ്രസിഡന്റു കൂടിയായിരുന്നു
സന്തോഷ് ഗംഗാധരൻ . ആഷ്ലിൻ,അനശ്വർ,അനില എന്നിവർ മക്കളാണ്.

Advertisement