ജീവനൊടുക്കാനൊരുങ്ങിയ യുവതിക്ക് രക്ഷകരായി പോലീസ്; വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് ഫാനില്‍ തൂങ്ങിയ യുവതിയെ രക്ഷപ്പെടുത്തി

Advertisement

ചിതറ: കടയ്ക്കല്‍ ചിതറയില്‍ വീട്ടുവഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനൊരുങ്ങിയ 26-കാരിയായ യുവതിയെ രക്ഷപ്പെടുത്തി പോലീസ്. ചിതറ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രിയില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലെ മുറിയുടെ വാതിലടച്ച് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. സംശയം തോന്നി അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവതി വാതില്‍ തുറന്നില്ല. ഒടുവില്‍ അമ്മ പരിഭ്രമത്തോടെ ചിതറ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിതറ പോലീസ് യുവതിയുടെ വീട്ടിലെത്തി. പോലീസ് വിളിച്ചിട്ടും യുവതി വാതില്‍ തുറന്നില്ല. ഇതോടെ പോലീസ് സംഘം വാതില്‍ ചവിട്ടിപ്പൊളിച്ചു. സീലിങ്ങ് ഫാനില്‍ അര്‍ധപ്രാണനുമായി തൂങ്ങിനില്‍ക്കുകയായിരുന്ന യുവതിയെ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കഴുത്തിലെ കുരുക്ക് അറത്തുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. അവശ നിലയിലായിരുന്ന യുവതിയെ പോലീസ് ഉടന്‍ തന്നെ പോലീസ് ജീപ്പില്‍ കടയ്ക്കല്‍താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
രണ്ടുമണിക്കൂര്‍ ആശുപത്രിയില്‍ തുടര്‍ന്ന പോലീസ് സംഘം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിഞ്ഞ ശേഷമാണ് മടങ്ങിയത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖിലേഷ് വി.കെ.പൊയ്ക, അരുണ്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

Advertisement