മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്:കൊല്ലത്ത് രണ്ട് യുവാക്കള്‍ പിടിയില്‍ ,കേരളത്തില്‍ ആദ്യ സംഭവം

Advertisement

കൊല്ലം. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 55 ഗ്രാം എം.ഡി.എം.എ രണ്ടു കേസുകളിലായി കൊല്ലം സിറ്റി പോലീസ് പിടികൂടി. കൊല്ലം, കരിക്കോട്, നിക്കി വില്ലയില്‍ താമസ്സിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30), കൊട്ടിയം, പറക്കുളം, വലിയവിള വീട്ടില്‍ മന്‍സൂര്‍ റഹീം (30) എന്നിവരാണ് കൊല്ലം സിറ്റി പോലീസിന്‍റെ പിടിയിലായത്. ഇന്ന് രാവിലെ കൊട്ടിയം ബസ്സ് സ്റ്റോപ്പില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ബാംഗ്ലൂരില്‍ നിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്നു എന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു ഇരുവരും. . ബാഗ്ലൂരില്‍ നിന്ന് ലഹരി മരുന്നുമായി എത്തിയ ഇരുവരെയും കൊട്ടിയം ബസ്സ് സ്റ്റാന്‍റില്‍ നിന്നും സിറ്റി ജില്ലാ ഡാന്‍സാഫ് ടീമും ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്ത് വരുകയായിരുന്ന നിഖില്‍ സുരേഷ് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുന്നയാളാണ്. ബാഗ്ലൂരില്‍ നിന്ന് പെണ്‍സുഹൃത്തിന്‍റെ സഹായത്താടെ ലഭിച്ച ലഹരിയുമായെത്തിയ ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍ 27 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തുകയായിരുന്നു.
ബാഗ്ലൂരില്‍ നിന്ന് ഇതേ ബസ്സിലെത്തിയ മന്‍സൂര്‍ റഹീംനെ വിശദമായി പരിശോധിച്ചെങ്കിലും എം.ഡി.എം.എ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബാഗുകളും മറ്റും പരിശോധിക്കുകയും വിശദമായ ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്തപ്പോഴാണ് എം.ഡി.എം.എ മലദ്വാരത്തില്‍കടത്തുന്നതിനെകുറിച്ച് വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് എനിമ കൊടുത്താണ് മലദ്വാരത്തിനുള്ളില്‍ കോണ്ടത്തിനുള്ളിലായി ഒളിപ്പിച്ച 27.4 ഗ്രാം എം.ഡി.എം.എ പുറത്തെടുത്തത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ മയക്ക്മരുന്ന് കടത്തി പോലീസ് പിടിയിലാകുന്നത്.
പിടികൂടിയ എം.ഡി.എം.എ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് ഇരുപ്രതികളും പോലീസിനോട് സമ്മതിച്ചു. ഡിസ്ട്രിക് ആന്‍റി നര്‍ക്കോട്ടിക് ഫോഴ്സിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് കമ്മീഷണര്‍ സക്കറിയ മാത്യു, ഡിസ്ട്രിക് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. ജോസ്, ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ബി.ഗോപകുമാര്‍, ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍, കൊട്ടിയം ഇന്‍സ്പെക്ടര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍ എസ്.ഐമാരായ അരുണ്‍ഷാ, ആശ വി രേഖ, ഡാന്‍സാഫ് ടീം, എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മയക്കുമരുന്നിന്‍റെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് 14 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവുമായി ചാത്തന്നൂര്‍ സ്വദേശിയായ സനൂജ് പോലീസ് പിടിയിലായിരുന്നു. പൊതുജനങ്ങള്‍ക്ക് ലഹരി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി 9995966666 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Advertisement