പ്രവർത്തന ഉദ്ഘാടനത്തിന് ഒരുങ്ങി നഗരസഭാ ടവർ

Advertisement

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി നഗരസഭയുടെ ആസ്ഥാനമായ മുനിസിപ്പൽ ടവർ പ്രവർത്തന ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലുള്ള മുനിസിപ്പൽ കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ അത്യാധുനിക സംവിധാനങ്ങൾ ഉള്ള വിപുലമായ കെട്ടിട സമുച്ചയത്തിലേക്കാണ് പുതുതായി പ്രവർത്തനം മാറുന്നത്.

പടനായർ കുളങ്ങര ക്ഷേത്രത്തിനു സമീപം മാർക്കറ്റ് റോഡിൽ നാലു നിലകളിലായി 30,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 9 കോടിയോളം രൂപ ചെലവഴിച്ചാണ് ടവർ പൂർത്തിയാക്കിയിരിക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മുൻസിപ്പൽ ടവർ നിർമ്മിച്ചത്. പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് സെമിനാർ, സാംസ്കാരിക സന്ധ്യ, തിരുവാതിര മത്സരം, ചിത്രപ്രദർശനം, സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികൾ എന്നിവയും നടക്കും. എൽഡിഎഫ് സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യാഴാഴ്ച രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുനിസിപ്പൽ ടവറിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയാവും. തദ്ദേശ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഡി സാജു റിപ്പോര്‍ട്ട് അവതരിപ്പിക്കും.സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 6 മുതൽ തൃശ്ശൂർ എയ്ഞ്ചൽ വോയിസ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. മുൻസിപ്പൽ ടവർ ഉദ്ഘാടനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവാതിര മത്സരം നടക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ഡോ വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷനാവും. മുൻ ജനപ്രതിനിധികളെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ ആദരിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തും. റഫീഖ് അഹമ്മദ്, ചലച്ചിത്ര സംവിധായകൻ തുളസീദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പുതിയ മുൻസിപ്പൽ ടവർ യാഥാർത്ഥ്യമാകുന്നതോടെ ആധുനിക സംവിധാനങ്ങളുടെ സുതാര്യമായും വേഗത്തിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷനായ എം ശോഭന, പടിപ്പുര ലത്തീഫ്, ഡോ പി മീന, എൽ ശ്രീലത, ഇന്ദുലേഖ, നഗരസഭാ സൂപ്രണ്ട് വിനോദ്, കൗൺസിലർമാരായ റെജി ഫോട്ടോ പാർക്ക്, പുഷ്പാംഗദൻ, പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement