ശാസ്താംകോട്ട തടാകത്തിലെ ശുദ്ധജലം മലിനമാക്കുന്ന കാസ്റ്റ് അയൺ പൈപ്പുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ

ശാസ്താംകോട്ട : ശാസ്താംകോട്ട തടാകത്തിലെ ശുദ്ധജലം മലിനമാക്കുകയും രാസപ്രതിപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യുന്ന കാസ്റ്റ് അയൺ പൈപ്പുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ അഫ്‌സാന പര്‍വീണ്‍ വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകി.2014 ലാണ് 14.5 കോടി രൂപ ചെലവിൽ കല്ലടയാറ്റിൽ കടപുഴയിൽ തടയണ കെട്ടി വെള്ളം പൈപ്പ് വഴി ശാസ്താംകോട്ടയിലെ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.എന്നാൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കോടികൾ വിലയുള്ള ഇരുമ്പ് പൈപ്പുകൾ തടാകത്തിൽ കിടന്ന് നശിക്കുകയും കുടിവെള്ളം മലിനമാകുകയുമായിരുന്നു.


തടാകത്തിന്റെ സ്ഥിതിവിവരം പരിശോധിക്കുന്നതിനായി വ്യാഴാഴ്ച കളക്ടർ എത്തിയപ്പോഴാണ് പുന്നമൂട് ഭാഗത്ത് തടാകത്തിൽ പൈപ്പുകൾ തുരുമ്പെടുത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ശാസ്താംകോട്ട ക്ഷേത്രക്കടവ്,കോളേജ്‌ റോഡ്, പുന്നമൂട് കായല്‍ ബണ്ട്,ആദിക്കാട് പമ്പ് ഹൗസ് തുടങ്ങിയ ഭാഗങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു.കായല്‍
സംരക്ഷണത്തിനായി വേലികെട്ടല്‍, ടൂറിസം വികസനം,റവന്യു ഭൂമിസംരക്ഷണം, മാലിന്യപ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും പരിശോധന നടത്തി.

തടാകത്തിലും തീരത്തുമായി ഉപേക്ഷിച്ച പൈപ്പുകള്‍ ,വിഹഗ വീക്ഷണം

കോളേജിന് സമീപമുള്ള ഭൂമിയുടെ അവകാശം ദേവസ്വം ബോർഡും റവന്യൂ വകുപ്പും ഉന്നയിക്കുന്നതിനാൽ ഇത് സംബന്ധിച്ച് മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്നും തടാക സംരക്ഷണത്തിനായി പ്രായോഗിക നടപടികള്‍സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,വിവിധ വകുപ്പുകള്‍ എന്നിവയുടെ സാന്നിദ്ധ്യത്തില്‍ തടാകം സംര ക്ഷണത്തിനുള്ള പുതുമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കായല്‍കൂട്ടായ്മ പ്രവര്‍ത്തകര്‍ എസ് ദിലീപ്കുമാറിന്‍റെ നേതൃത്വത്തില്‍ കലക്ടറോട് പരാതികള്‍ വിവരിച്ചു.

കായല്‍ സംരക്ഷണത്തിനായി വേലികെട്ടല്‍, ടൂറിസം വികസനം,റവന്യു ഭൂമിസംരക്ഷണം,മാലിന്യപ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും പരിശോധന നടത്തി.ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി,ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത, തഹസില്‍ദാര്‍മാരായ എസ്.ചന്ദ്രശേഖര്‍,സുനില്‍ ബേബി, ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്,വിവിധ വകുപ്പ്
ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടർക്കൊപ്പം എത്തിയിരുന്നു.

Advertisement