നാളെ സമ്പൂർണ ഡ്രൈ ഡേ

തിരുവനന്തപുരം: നാളെ സമ്പൂർണ ഡ്രൈ ഡേ.

എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഞായറാഴ്ച ദിവസം അല്പം മദ്യപിച്ച്‌ വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നല്ല തിരക്കുണ്ടാവും. നാളെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള രസകരമായ പോസ്റ്റുകളാണ് പ്രചരിക്കുന്നത്. അവയിലൊന്ന് ഇങ്ങനെയാണ്.

നാളെ ലഹരി വിരുദ്ധ ദിനമാണ്. കള്ളോ ലിക്വറോ വേണ്ടവർ കരുതുക. ആശങ്ക വേണ്ട, ജാഗ്രത മതി. പൊതുജന താല്പര്യാർത്ഥമാണ് അടിയൻ ഈ പോസ്റ്റിടുന്നത്. പഴേ ജവാന്മാരെ തിരക്കി എന്നെ വിളിക്കരുതെന്ന് സാരം’.

തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവിൽപന ശാലകളാകും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.

മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലഹരി വിരുദ്ധദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

Advertisement