സ്വപ്നങ്ങള്‍ അടുക്കിവച്ച് വിദേശത്തേക്ക് യാത്രക്ക് ഒരുങ്ങിയതിനിടെ നേരിട്ട ദുരന്തം,ഷൈനിക്ക് നഷ്ടമായത് ഭര്‍ത്താവിനെയും മകനെയും രണ്ട് ബന്ധുക്കളെയും

തിരുവനന്തപുരം .കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനായിരുന്നു ഏറെപ്രതീക്ഷകളുമായി സൗദി അറേബ്യയിലേക്ക് ഷൈനിയുടെ ആദ്യയാത്ര, ഉറ്റവരെല്ലാം നഷ്ടപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ഷൈനി ഒരു നൊമ്പരക്കാഴ്ചയാണ്. ഭര്‍ത്താവും ഏകമകനും സഹോദരനുമുള്‍പ്പെടെ നാലു പേരാണ് ഷൈനിയെ വിമാനം കയറ്റാനുള്ള യാത്രയില്‍ നഷ്ടപ്പെട്ടത്.

ഷൈനിയുടെ ഭര്‍ത്താവ് നെടുമങ്ങാടിനു സമീപം ആനാട് നെട്ടറക്കോണം അനീഷ് ഭവനില്‍ സുധീഷ് ലാല്‍ (37), ഏകമകന്‍ നിരഞ്ജന്‍ (അമ്ബാടി-12), ഷൈനിയുടെ സഹോദരന്‍ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി കുന്നില്‍വീട്ടില്‍ (ഷൈനി ഭവന്‍) ഷൈജു (34), സുധീഷ്‌ലാലിന്റെ അച്ഛന്റെ സഹോദരന്റെ മകന്‍ പരുത്തിക്കുഴി നന്ദനത്തില്‍ അഭിരാഗ് (നന്ദു-27) എന്നിവരാണു ദാരുണമായി മരിച്ചത്.

വിമാനത്താവളത്തിലേക്ക് പോകവേ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം, കാര്‍ പൂര്‍ണമായി തകര്‍ന്നു, നാലു പേരുടെയും വിയോഗം താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.

ഗുരുതരമായി പരിക്കേറ്റ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ ദേശീയപാതയില്‍ അമ്ബലപ്പുഴയ്ക്കടുത്തുണ്ടായ അപകടത്തിലാണ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണമരണം സംഭവിച്ചത്.

നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന ഇവരുടെ കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ വിദേശത്തേക്കു പോകേണ്ടിയിരുന്ന ഷൈനിയൊഴികെ എല്ലാവരുംസംഭവസ്ഥലത്തു തന്നെ മരിച്ചു.

ഷൈനിയെ ആദ്യം ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലാണെത്തിച്ചത്. പിന്നീട്, തിരുവനന്തപുരത്തേക്കു മാറ്റി. അമ്ബലപ്പുഴ ജങ്ഷന് അരക്കിലോമീറ്റര്‍ തെക്കുമാറി പായല്‍കുളങ്ങരയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. കാറോടിച്ചിരുന്നത് സുധീഷ് ലാലാണ്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു.

കാലടിയില്‍നിന്നു സപ്ലൈകോയുടെ അരിയുമായി കരുനാഗപ്പള്ളിയിലേക്കു പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. അമ്ബലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന് കാറില്‍നിന്നു നിരഞ്ജനെ ആദ്യം പുറത്തെടുത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തകഴിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മറ്റുള്ളവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.

മുന്‍ചക്രങ്ങള്‍ ഊരിമാറി നിയന്ത്രണം നഷ്ടപ്പെട്ട ലോറിയാകട്ടെ സമീപത്തെ കടയിലേക്കിടിച്ചുകയറിയാണു നിന്നത്. നാലു മൃതദേഹങ്ങളും ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി.

അതേസമയം ഷൈനിക്കു സൗദിയില്‍ ആശുപത്രിയിലാണ് ജോലി കിട്ടിയിരുന്നത്. കുടുംബത്തിന്റെ കടബാധ്യത തീര്‍ക്കാനാണ് വിദേശത്തേക്കുപോകാനായി ഷൈനി തയ്യാറായത്. ഓട്ടോ ഓടിച്ചും പെയിന്റിങ് ജോലിക്കും പോയിരുന്ന സുധീഷ് ലാല്‍ ആനാട് ബാങ്ക് ജങ്ഷനില്‍ പണിയുപകരണങ്ങള്‍ വാടകയ്ക്കുകൊടുക്കുന്ന സ്ഥാപനം നടത്തുന്നുണ്ടായിരുന്നു.

നെടുമങ്ങാട് ദര്‍ശന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് നിരഞ്ജന്‍. വെല്‍ഡിങ് തൊഴിലാളികളായ ഷൈജുവും അഭിരാഗും അവിവാഹിതരാണ്.

Advertisement