തൊഴിൽമേള, ഓൺലൈൻ ജോബ് പോർട്ടൽ, വർഷംതോറും 1000 തൊഴിലവസരങ്ങൾ; അതിജീവനം പദ്ധതി

Advertisement

തിരുവനന്തപുരം : അഞ്ചുവർഷത്തിനുള്ളിൽ 5000 പേർക്ക് തൊഴിൽ നൽകുന്ന കോർപ്പറേഷന്റെ അതിജീവനം പദ്ധതി ശക്തിപ്പെടുത്താൻ തീരുമാനം.

ഇരുപതിന പദ്ധതികളിൽപ്പെടുത്തിയാണ് വർഷംതോറും 1000 പേർക്ക് വീതം തൊഴിലവസരങ്ങൾ സൃഷ്ടിച്ച്‌ നിയമനം നൽകുന്നത്.

2021-22 സാമ്പത്തികവർഷം 100 ശതമാനം നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വിലയിരുത്തുന്നു. തുടർവർഷങ്ങളിലെ പദ്ധതി നടത്തിപ്പിന് ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി.

ജില്ലയിലെ സർക്കാർ, അർധസർക്കാർ, സർക്കാരിതര സ്ഥാപന മേധാവികൾ, കുടുംബശ്രീ, സി.ഡി.എസ്., എ.ഡി.എസ്. ചെയർപേഴ്‌സൺമാർ, സാമൂഹിക പ്രവർത്തകർ, വനിതാ സംരംഭകർ തുടങ്ങിയവരെ ഉൾപ്പെടെ ശില്പശാലയിൽ പങ്കെടുപ്പിച്ച്‌ ആശയങ്ങളും നിർദേശങ്ങളും തേടും.

പദ്ധതി നടത്തിപ്പിനായി സ്ഥിരംസമിതി അധ്യക്ഷൻമാർ, കുടുംബശ്രീ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റികൾ രൂപവത്കരിക്കും. തൊഴിൽമേള നടത്തും. മൊബിലൈസേഷൻ ക്യാമ്ബുകൾ മുഖേന കണ്ടെത്തുന്ന ഗുണഭോക്താക്കൾക്ക് അനുസൃതമായ തൊഴിൽ പരിശീലനം നൽകും.

സ്വയംതൊഴിൽ സംരംഭകർക്ക് വായ്പ ലഭ്യമാക്കി സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കും. ഹരിതകർമസേന വിപുലീകരിക്കും.

പരിസ്ഥിതി സൗഹൃദ തുണിസഞ്ചി, പേപ്പർ ബാഗ് എന്നിവയുടെ നിർമാണ, വിപണന മേഖലകളിൽ കൂടുതൽ തൊഴിൽ സാധ്യത കണ്ടെത്തും. തൊഴിൽ അവസരങ്ങൾ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ ജോബ് പോർട്ടൽ തയ്യാറാക്കും.

Advertisement

3 COMMENTS

Comments are closed.