കൊല്ലം മേയറുടെ ഓഫീസിൽ അഗ്നിബാധ : അട്ടിമറി സാധ്യതയടക്കം അന്വേഷിക്കുമെന്ന് അധികൃതർ

കൊല്ലം: കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ വൻ അഗ്നിബാധ. ശനിയാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.

ഫയലുകളും ഫർണിച്ചറുകളും ടിവിയും ഉൾപ്പടെയുള്ളവ കത്തി നശിച്ചു. ഫയർഫോഴ്‌സ് സംഘം തീയണച്ചു. ഷോർട്ട് സർക്ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതൊക്കെ ഫയലുകൾ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

പ്രധാന ഫയലുകൾ വല്ലതും കത്തി നശിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി തീപിടിത്തതിന് പിന്നിലുണ്ടോ എന്നകാര്യവും വ്യക്തമാകാനുണ്ട്. പ്രാധാന ഫയലുകൾ സാധാരണ സൂക്ഷിക്കുന്നത് തീപിടിത്തം ഉണ്ടായ ഓഫിസ് മുറിയോട് ചേർന്നുള്ള മുറിയിലാണ്. ഈ മുറിക്ക് തീപിടിച്ചിട്ടില്ല. എ.സി.പി അഭിലാഷ് ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

മേയറും കോർപ്പറേഷൻ ജീവനക്കാരും അടക്കമുള്ളവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇലക്ടിക്കൽ വിഭാഗവും ഇൻസ്പക്ടറേറ്റും ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തും.

Advertisement