സുവർണ ശോഭയിൽ യാദാദ്രി ക്ഷേത്രം പുനർജനിക്കുന്നു

ഹൈദരാബാദ്: പ്രശസ്തമായ ‘യാദാദ്രി ക്ഷേത്രം’ പ്രൗഢോജ്വലമായി വീണ്ടും തുറന്നതോടുകൂടി മാർച്ച്‌ 29 തെലങ്കാനയുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറി.

ക്ഷേത്ര പുനരുദ്ധാരണത്തിൽ ഒരു പുതിയ സുവർണ്ണ നിലവാരം തെലങ്കാനയിൽ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അതിസങ്കീർണ്ണമായി രൂപകൽപ്പന ചെയ്ത 52 കലശങ്ങളാൽ ക്ഷേത്രനഗരം അതിമനോഹരമായി കാണപ്പെടുമ്പോൾ സ്വർണ്ണം പൂശിയ നൂതന സാങ്കേതികവിദ്യ ക്ഷേത്രനഗരത്തിന് ചാരുതയാർന്നൊരു സ്പർശം നൽകിയിരിക്കുന്നു.

സ്വർണ്ണം പൂശുന്നതിന് വേണ്ടി മാത്രം സംസ്ഥാന സർക്കാർ നടത്തിയ ഗൃഹപാഠം അമ്പരപ്പിക്കുന്നതാണെന്നാണ് ചെന്നൈ ആസ്ഥാനമായി ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്രിയേഷൻസിന്റെ സ്ഥാപകൻ പങ്കജ് ഭണ്ഡാരി പറയുന്നു. സ്‌മാർട്ട് ക്രിയേഷൻസ് ആണ് ക്ഷേത്രത്തിൽ സ്വർണകലശം എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത്. ആവശ്യമുള്ള സ്വർണ്ണം എത്ര വേണമെന്ന് തീരുമാനിച്ച ശേഷം രണ്ട് വർഷം മുന്നെതന്നെ സർക്കാർ അവരുടെ ദീർഘകാല ഗവേഷണത്തിന്റെ 300 പേജുള്ള ഒരു റിപ്പോർട്ട് സ്മാർട്ട്‌ ക്രിയേഷന് നൽകിയിരുന്നു. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഒരു ഐ.ഐ.ടി സ്വർണ്ണമെഡൽ ജേതാവ് കൂടിയായ ചീഫ് സെക്രട്ടറി നയിക്കുന്ന ടീമിനാണ്.

സംസ്ഥാനസംഘം സ്‌മാർട്ട് ക്രിയേഷൻസ് പോലുള്ളവയിൽ നിന്ന് വെണ്ടർ സാമ്പിളുകൾ ശേഖരിക്കുകയും ഈ സാമ്പിളുകൾ ഡി.ആർ.ഡി.എൽ ലബോറട്ടറികളിൽ പരിശോധിക്കുകയും ചെയ്തു. സ്വർണ്ണത്തിന്റെ കനം, അൾട്രാവയലറ്റ് പ്രതിരോധം, ലാക്വർ കോട്ടിംഗിന്റെ പ്രതിരോധശേഷി, ഷൈനിന്റെ ദൈർഘ്യം തുടങ്ങിയ മാനദണ്ഡങ്ങൾ ഡി.ആർ.ഡി.എല്ലിൽ പരിശോധിച്ച്‌ ഉറപ്പ് വരുത്തിയതാണ്. ടെൻഡറുകൾ സ്വീകരിക്കുന്നതിന് മുൻപ് സംസ്ഥാനാധികാരികൾ പ്രത്യേക മാനദണ്ഡങ്ങളും ഗുണനിലവാര പരിശോധനകളും പാലിച്ചിരുന്നുവെന്നും പങ്കജ് കൂട്ടിച്ചേർത്തു.

2020ൽ സ്വർണ്ണം പൂശുന്നതിനുള്ള ജോലികൾ ആരംഭിച്ചു. എന്നാൽ, കോവിഡ്-19 കാരണം താമസിച്ചു. ക്ഷേത്രത്തിനുവേണ്ടി ആത്മാർഥമായ സേവനം നൽകിയത് ആഗമശാസ്ത്രം പഠിച്ച പുരസ്കാരജേതാവായ കരകൗശല വിദഗ്ധൻ ശ്രീ രവീന്ദ്രനാണ്. മുപ്പത് തലമുറകളായി കൈമാറിവരുന്ന വൈദഗ്ധ്യമുള്ള ക്ഷേത്ര വാസ്തുശില്പികളായ കരകൗശലവിദഗ്ധരുടെ കുടുംബപൈതൃകം അവകാശപ്പെടാനുള്ള കലാകാരനാണ് രവീന്ദ്രൻ. കലശങ്ങൾ മാത്രമല്ല, പള്ളികളിലെയും (സ്വർണ്ണ കുരിശ് മുതലായവ) മസ്ജിദുകളിലെയും സ്വർണ്ണം പൂശിയ മറ്റ് നിർമ്മിതികൾക്ക് പിന്നിൽ പ്രവർത്തിച്ച അനുഭവം മികച്ച സൃഷ്ടികൾ നൽകാൻ ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

പൂശിയ സ്വർണ്ണത്തിന്റെ തിളക്കം മങ്ങാതിരിക്കാൻ 50 വർഷത്തെ വാറന്റി ആവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ നിലയിൽ 15 വർഷത്തിന് ശേഷം, സ്വർണ്ണനിറം കുറേശ്ശെയായി മങ്ങുകയും അതിന്റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സമയം ക്ഷേത്രങ്ങൾക്ക് മറ്റൊരു സ്വർണത്തിന്റെ പാളി കൊടുക്കാൻ നിർബന്ധിതരാകുകയും, അത് ക്ഷേത്ര ഖജനാവിന് ഭാരമാവുകയും ചെയ്യുന്നു. അതിനാൽ ഇവർ ഇന്ത്യയിലെ പ്രമുഖ സുവർണ്ണ ക്ഷേത്രങ്ങളായ ധർമ്മശാല, കാശി വിശ്വനാഥ ക്ഷേത്രം, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം, അമൃത്സർ സുവർണ്ണ ക്ഷേത്രം, ശബരിമലക്ഷേത്രം തുടങ്ങിയവയെപ്പറ്റി പഠിക്കുകയും സ്വർണനിറത്തിന്റെ തിളക്കത്തെ ബാധിക്കുന്നത് എന്താണെന്ന് മനസിലാക്കുകയും ചെയ്തു. മറ്റൊരു ക്ഷേത്രത്തിന്റെയും കാര്യത്തിൽ വാറന്റി കീഴ്‌വഴക്കമില്ലെങ്കിലും അത്തരമൊരു വാറന്റി നൽകാൻ സംസ്ഥാനസർക്കാർ സ്മാർട്ട്‌ ക്രീയേഷനോട് ആവശ്യപ്പെട്ടത് ഗുണനിലവാരത്തിലുള്ള അവരുടെ നിർബന്ധത്തെ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിന് എന്താണ് ഏറ്റവും മികച്ചതെന്ന് കണ്ടെത്തുന്നതിന് മുമ്ബ് മതപരമായ ഘടകങ്ങൾ, പാരിസ്ഥിതികഘടകങ്ങൾ തുടങ്ങിയവയും പരിഗണിച്ചിരുന്നു.

സ്മാർട്ട് ക്രിയേഷൻസ് ഇന്ത്യയിലെ 100-ലധികം ക്ഷേത്രങ്ങളിൽ ജോലി ചെയ്ത്, 10,000-ലധികം വിഗ്രഹങ്ങളിൽ സ്പർശമുണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം വിഗ്രഹങ്ങൾ ഇതിനോടകം പുനഃസ്ഥാപിച്ചു. യാദാദ്രി തങ്ങളുടെ ഏറ്റവും ചെലവേറിയ പദ്ധതിയായി തുടരുമെന്നും സ്മാർട്ട്‌ ക്രീയേഷൻസിന്റെ സ്ഥാപകൻ പങ്കജ് ഭണ്ഡാരി അഭിപ്രായപെട്ടു.

Advertisement