വള്ളിയൂർ കാവിൽ ദമയന്തിയായി വയനാട് കളക്ടർ

മാനന്തവാടി: കഥകളിയുടെ അരങ്ങിൽ ദമയന്തിയായി വയനാട് ജില്ല കലക്ടർ എ ഗീതയെത്തിയപ്പോൾ വള്ളിയൂർക്കാവ് ഉത്സവ വേദിക്കും ഇതൊരു വേറിട്ട അനുഭവമായി.

ആട്ടക്കഥകളിൽ പ്രധാനപ്പെട്ട നളചരിതം ഒന്നാം ദിവസത്തിൽ ഉദ്യാനത്തിൽ തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷമാണ് ജില്ല കലക്ടർ അരങ്ങിലെത്തിച്ചത്. കഥയാടി തീർന്നപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് ദമയന്തിയെ അഭിനന്ദിച്ചത്.കഥകളി അഭ്യസിച്ചിട്ടുള്ള, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസറായി വിരമിച്ച സുഭദ്ര നായരും മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാരിയായും ആലപ്പുഴ സ്വദേശിയുമായ രതി സുധീറും ഒപ്പം ചേർന്നതോടെ കഥകളി സ്വപ്നങ്ങൾക്ക് കൂടുതൽ മിഴിവായി.

കോട്ടയ്ക്കൽ സി എം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ ഹരിദാസ്, സുഭദ്രനായർ, രതി സുധീർ, രമ്യകൃഷ്ണ എന്നിവരാണ് ജില്ലാ കലക്ടർ എ ഗീതയ്‌ക്കൊപ്പം അരങ്ങിലെത്തിയത്.വള്ളിയൂർക്കാവിൽ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്രകലകളുടെ വേദിയിൽ പൂതനാ മോക്ഷം, നളചരിതം ഒന്നാം ദിവസം, കിരാതം എന്നിങ്ങനെ മൂന്ന് കഥകളാണ് ശനിയാഴ്ച രാത്രിയിൽ അരങ്ങേറിയത്.

കഠിനമായ പരിശ്രമങ്ങളാണ് ദമയന്തിയെ അരങ്ങിലെത്തിക്കാൻ പിന്തുണയായതെന്നും ഒപ്പമുള്ള സുഭദ്രനായരും കഥകളി പാരമ്പര്യമുള്ള രതി സുധീറും കലാപഠനത്തിന് ആശാൻ സി എം ഉണ്ണികൃഷ്ണനൊപ്പം ഏറെ സഹായിച്ചതായി ജില്ലാ കലക്ടർ എ ഗീത പറഞ്ഞു.

Advertisement