കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സർവകലാശാലയുടെ സെർവർ തകരാറിലായത്. ഇതിനെത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകളും നേരത്തെ മാറ്റി വച്ചിരുന്നു.
തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇന്‍റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ലെന്നും ഇവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും സർവകലാശാല അറിയിച്ചു. തകരാർ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.





























