25.3 C
Kollam
Thursday 15th October, 2026 | 10:50:53 PM
Home News Kerala തിരുവനന്തപുരത്ത് ഫ്‌ലോട്ടിങ് റസ്റ്റോറന്റ് കത്തി നശിച്ചു

തിരുവനന്തപുരത്ത് ഫ്‌ലോട്ടിങ് റസ്റ്റോറന്റ് കത്തി നശിച്ചു

കോവളം: പൂവാറിലെ അഴിഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന പഞ്ചാബി ധാബ എന്ന ഫ്‌ലോട്ടിങ് റസ്റ്റോറന്റ് കത്തി നശിച്ചു. തിങ്കള്‍ പുലര്‍ച്ചെയാണ് സംഭവം. പൂവാര്‍ വലിയ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ലീല റസ്റ്റോറന്റ് ഉടമ ബിനില്‍ രാജിന്റേതാണ് സ്ഥാപനം. തിങ്കള്‍ രാവിലെ ആറോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് നിഗമനം. 6.20ന് ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂവാര്‍ അഗ്നിരക്ഷാസേന എത്തി തീയണച്ചു. സേനയുടെ മോട്ടോര്‍ ടാങ്ക് യൂണിറ്റ് അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. എന്നാല്‍ ബോട്ടില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഫ്‌ലോട്ട് പമ്പ് ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു.

റസ്റ്റോറന്റ് പൂര്‍ണമായും കത്തിനശിച്ചു. റസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാകാം രണ്ടുതവണ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ഫയര്‍ഫോഴ്‌സ് ടീം പറഞ്ഞു. പൂവാര്‍ പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. രാത്രി റസ്റ്റോറന്റില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നു കരുതുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും പൂവാര്‍ എസ്എച്ച്ഒ പറഞ്ഞു.