26.5 C
Kollam
Sunday 6th September, 2026 | 04:13:31 AM
Home News Kerala ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം

ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം

കോഴിക്കോട്: വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ.

ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും തടസപ്പെടാനുള്ള സാധ്യതയണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില ഇന്ന് വർധിപ്പിച്ചിരിക്കുകയാണ്. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 913 രൂപയായി. വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 1883 രൂപയായി ഉയര്‍ന്നു.

പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിടാതെ തുടരുന്നത് ക്രൂഡ് ഓയില്‍ വിലയെയും ഊര്‍ജഇറക്കുമതിയെയും ബാധിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വാണിജ്യ സിലിണ്ടറിന് വില വര്‍ധിച്ചത് ഹോട്ടല്‍ മേഖലയ്ക്കും വ്യവസായ സംരഭകര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍.