Home News Breaking News പുതുയുഗയാത്ര അവസാനിക്കുന്നു, കേരളത്തിനുമുന്നില്‍ യുഡിഎഫിന്‍റെ വാഗ്ദാനങ്ങള്‍ എന്ത്

പുതുയുഗയാത്ര അവസാനിക്കുന്നു, കേരളത്തിനുമുന്നില്‍ യുഡിഎഫിന്‍റെ വാഗ്ദാനങ്ങള്‍ എന്ത്

Advertisement

തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത്, വലത് മുന്നണികൾ ഒരുപോലെ ശക്തമായ പ്രചാരണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ്. ഭരണകക്ഷിയായ ഇടത് മുന്നണി പുതിയ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുകയും പല നിർണായക പദ്ധതികൾക്കും തുടക്കമിടുകയും ഒക്കെ ചെയ്യുമ്പോൾ പത്ത് വർഷമായി ഭരണമില്ലാത്ത കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷം അതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ആരായുന്നത്.

അത്തരത്തിൽ കോൺഗ്രസ് കേരളത്തിൽ അടുത്തിടെ ഭരണം പിടിച്ച മറ്റ് സംസ്ഥാനങ്ങളുടെ പാത പിന്തുടരുമോ എന്നാണ് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്നത്. കർണാടക, തെലങ്കാന അടക്കമുള്ള ഇടങ്ങളിൽ പയറ്റിയ തന്ത്രമാണ് കോൺഗ്രസ് പുറത്തെടുക്കുന്നത്. അതിൽ ഹരിയാനയിൽ മാത്രമാണ് കോൺഗ്രസിന് ഇത്തരം തിരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴ്‌ച പറ്റിയത് (മഹാരാഷ്ട്ര മറന്നിട്ടില്ല, സാധ്യത വിരളമായിരുന്നു).

പറഞ്ഞുവന്നത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെ കുറിച്ചാണ്. നാളെ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര സമാപിക്കാനിരിക്കെ എന്ത് പ്രഖ്യാപനമാണ് അതിൽ കോൺഗ്രസ് നടത്തുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ എല്ലായിടത്തും കോൺഗ്രസ് അധികാരം പിടിച്ചപ്പോൾ ഈ ഒരു പാറ്റേൺ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ ഒന്നാകെ ഉൾപ്പെടുത്തുന്ന രീതിയിൽ ഒരു യാത്ര നടത്തുകയും അതിന്റെ സമാപനത്തിൽ കൃത്യമായ വാഗ്‌ദാനങ്ങൾ ജനങ്ങൾക്ക് മുൻപിലേക്ക് വയ്ക്കുകയാണ് അവർ ചെയ്‌തത്‌. അത്തരത്തിൽ പുതുയുഗ യാത്രയിൽ ചില നിർണായക പ്രഖ്യാപനങ്ങൾക്ക് സാധ്യത ഉണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുക. സ്ത്രീകൾ, വയോജനങ്ങൾ, യുവജനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന മൂന്ന് മുതൽ നാല് വരെ പദ്ധതികളായിരിക്കും കേരളത്തിലും പ്രഖ്യാപിക്കുകയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിലൂടെ വലിയൊരു വിഭാഗം വോട്ടർമാരെ ഒപ്പം നിർത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. നേരത്തെ രാഹുൽ ഗാന്ധി തന്നെയാണ് പല സംസ്ഥാനങ്ങളിലും ഇത്തരം വാഗ്‌ദാനങ്ങൾ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കുന്ന പദ്ധതി പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നാകാനിടയുണ്ടെന്നാണ് വിവരം. നിലവിൽ തമിഴ്‌നാട്ടിൽ ഉൾപ്പെടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കൂടാതെ കോളജ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഓരോ വിഭാഗത്തിനുള്ള പദ്ധതികൾക്കും ഓരോ പേരുനൽകിയായിരിക്കും പ്രഖ്യാപനം. എങ്കിലും ഇത്തരം സൗജന്യ പദ്ധതികളോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം. അധികം വൈകാതെ തന്നെ വരുന്ന മണിക്കൂറുകളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. അതിന് ശേഷമാവും പ്രഖ്യാപനം. എന്തായാലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ നാളത്തെ പുതുയുഗ യാത്ര സമാപന വേദിയിൽ രാഹുൽ ഗാന്ധി നടത്തുമെന്ന് ഉറപ്പാണ്.

Advertisement