ശീതള പാനീയം കുപ്പിവെള്ളം, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പരിശോധന

തിരുവനന്തപുരം. ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പരിശോധന. ഐസ്‌ക്രീം നിര്‍മ്മാണ വിപണന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിര്‍മ്മാണ വിതരണ വിപണന കേന്ദ്രങ്ങള്‍, ശീതളപാനീയ നിര്‍മ്മാണ വിതരണ വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ടൂറിസ്റ്റ് മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 815 പരിശോധനകളില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 54 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. തുടര്‍പരിശോധനകള്‍ക്കായി 328 സര്‍വൈലന്‍സ് സാമ്പിളുകളും 26 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനകള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിലേക്ക് കൈമാറി. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Advertisement