അനന്തുവിന് നാട് കണ്ണീരോടെ വിട ചൊല്ലി…

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറില്‍ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തുവിന് നാട് കണ്ണീരോടെ വിട ചൊല്ലി. വീട്ടിലെയും കോളജിലെയും പൊതുദര്‍ശനത്തിന് ശേഷം അനന്തുവിന്റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഒരു നാട് മുഴുവന്‍ അനന്തുവിന് അവസാന യാത്രാമൊഴി ചൊല്ലാനെത്തി. അനന്തുവിന്റെ അമ്മയേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ആ നാട് വിങ്ങി.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മുത്തച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അനന്തു കോളേജിലേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് അപകടമുണ്ടായത്. പ്രവാസിയായ അജികുമാര്‍ മകന്റെ മരണവിവരം അറിഞ്ഞ് പുലര്‍ച്ചയോടെ നാട്ടിലെത്തി. നെയ്യാറ്റിന്‍കര നിംസ് ഡെന്റല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് അനന്തു. കോളേജിലെ പൊതു ദര്‍ശനത്തിലും വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കോളേജ് സാക്ഷിയായത്.

Advertisement