വേട്ടക്കാരനെ കാട്ടുപന്നി കുത്തി കിണറ്റിലിട്ടു… പിന്നാലെ പന്നിയും ചാടി….ഒടുവില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

വനംവകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാന്‍ നടത്തിയ ദൗത്യത്തിനിടെയാണ് വേട്ടക്കാരന് കാട്ടുപന്നിയുടെ ആക്രമണം. വേട്ടക്കാരനെ കാട്ടുപന്നി കുത്തി കിണറ്റിലിട്ടു. വേട്ടക്കാരന്‍ കിണറ്റില്‍ വീണതിന് പിന്നാലെ പന്നിയും ചാടി. കിണറ്റില്‍ അകപ്പെട്ട വേട്ടക്കാരനെ വീണ്ടും ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
മലപ്പുറം കാളികാവ് മാളയേക്കലിലാണ് സംഭവം. ഷാര്‍പ്പ് ഷൂട്ടര്‍ അയ്യപ്പനെയാണ് കാട്ടുപന്നി കുത്തി കിണറ്റിലിട്ടത്. വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചു നിന്ന അയ്യപ്പനെ കാട്ടുപന്നി കുത്തികിണറ്റിലിടുകയായിരുന്നു. പിന്നാലെ പന്നിയും കിണറ്റില്‍ വീണു.
കിണറ്റില്‍ വച്ചും ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന വേട്ടക്കാരന്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ അയ്യപ്പന് വീഴ്ചയില്‍ പരുക്കേറ്റില്ല. പന്നിയെ വെടിവച്ചു കൊന്ന ശേഷം അയ്യപ്പനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു.

Advertisement