ആറു ജില്ലകളിൽ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ആറു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലർട്ട്. ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് , കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ
സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില ഉയരുന്ന സാഹചര്യത്തില്‍, ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം.ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

Advertisement