മൂത്രത്തില്‍ നിന്ന് ഇനി വൈദ്യുതിയും

Advertisement

പാലക്കാട്. മൂത്രത്തില്‍ നിന്ന് ഇനി വൈദ്യുതി ഉത്പാദിപ്പിക്കാം. പാലക്കാട് ഐഐടിയില്‍ നിന്നാണ് ഈ നൂതന ആശയം പിറവികൊളളുന്നത്.വൈദ്യുതിക്ക് പുറമേ ജൈവവളവും മൂത്രത്തില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ ആവുമെന്നാണ് ഐഐടിയിലെ ഗവേഷകസംഘം പറയുന്നത്

മഗ്‌നീഷ്യം എയര്‍ ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് ഉറവിടത്തില്‍ നിന്നു വേര്‍തിരിച്ചാണ് വൈദ്യുതി ഉത്പാദനം. ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. 5 ലീറ്റര്‍ മൂത്രത്തില്‍ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉല്‍പാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തല്‍. ഈ വൈദ്യുതി ഉപയോഗിച്ച് എല്‍ഇഡി ലാംപുകള്‍ പ്രകാശിപ്പിക്കാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും കഴിയും.

വിസര്‍ജ്യവുമായി കലരാത്ത മൂത്രത്തില്‍ നിന്നു മാത്രമേ ഉല്‍പാദനം സാധ്യമാകൂ.ഗോമൂത്രത്തിലേതുപോലെ തന്നെ മനുഷ്യ മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്പാദനം സാധ്യമാണെന്ന് ഗവേഷക സംഘം പറയുന്നു.കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് ഫോര്‍ ഇക്വിറ്റി എംപവര്‍മെന്റ് വിഭാഗം പദ്ധതിക്കു വേണ്ട ധനസഹായം നല്‍കുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. നിലവില്‍ ടെക്‌നോളജി റെഡിനെസ് ലെവല്‍ 4ല്‍ (ടിആര്‍എല്‍) നില്‍ക്കുന്ന സാങ്കേതിക വിദ്യയെ പ്രാവര്‍ത്തികമാക്കാവുന്ന ടെക്‌നോളജിയായും പരിഗണിച്ചിട്ടുണ്ട്

Advertisement