സ്കൂൾ ബസിന് നേരെ കുരങ്ങന്റെ ‘കുസൃതി’, തേങ്ങയേറിൽ ചില്ല് പൊട്ടി, ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

സുൽത്താൻ ബത്തേരി: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ സ്കൂൾ ബസിന് നേരെ കുരങ്ങന്റെ ആക്രമണം. ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് കുരങ്ങൻ തേങ്ങ പറിച്ചിട്ടതിന് തുടർന്ന് നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.

ബത്തേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികൾ ബത്തേരി നഗരത്തിലെ ആശുപത്രിയിലും ഡ്രൈവർ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ബുധനാഴ്ച വൈകിട്ട് നാലരയോടെ കൃഷ്ണഗിരി മലന്തോട്ടത്തെ പാണ്ട ഫുഡ്സ് ഫാക്ടറിക്ക് മുന്നിലെ റോഡിലായിരുന്നു സംഭവം. റോഡരികിലെ തെങ്ങിൽ ഉണ്ടായിരുന്ന കുരങ്ങൻ തേങ്ങ പറിച്ച് താഴേക്കിട്ടപ്പോൾ ബസിന്റെ മുൻ വശത്തെ ചില്ലിന് മുകളിൽ പതിക്കുകയായിരുന്നു. പൊട്ടിയ ചില്ല് കൊണ്ടാണ് കുട്ടികൾക്ക് പരിക്കേറ്റത്. സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെ ഇറക്കാൻ റാട്ടക്കുണ്ട് ഭാഗത്തേക്ക് ബസ് എത്തുന്നതിനിടെയായിരുന്നു അപകടം.
ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് പനമരം നീർവാരത്ത് പുലിയെ അവശനിലയിൽ കണ്ടെത്തി പിടികൂടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്ന് വനംവകുപ്പ് അധികൃതരെത്തി വലയിട്ടാണ് പുലിയെ പിടികൂടിയത്. പശുക്കിടാവിനെ പുലി ആക്രമിച്ച് കൊന്ന ബത്തേരിയിലെ സിസിയിൽ നിന്ന് ഏറെ അകലെയല്ല കുരങ്ങന്റെ ആക്രമണം ഉണ്ടായ സ്ഥലം. പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവയാണ് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

Advertisement