കലാ മാമാങ്കത്തിന് ദേശിംഗ നാട് സജ്ജം; ഒരുക്കങ്ങളെല്ലാം അന്തിമ ഘട്ടത്തില്‍

Advertisement

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കലാമാമാങ്കത്തിന് ഒരു ദിവസം ബാക്കി നില്‍ക്കേ ഭക്ഷണമൊരുക്കുന്ന കലവറയില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇക്കുറിയും ഭക്ഷണമൊരുക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കലോല്‍സവ പാചകപ്പുരയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് പഴയിടം. എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കിയെ മടക്കി അയക്കുകയുള്ളൂ എന്ന് പഴയിടം പ്രതികരിച്ചു.
അതേസമയം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് അനാവശ്യ വിവാദം വേണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. കലോത്സവ പാചകപ്പുരയില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും പ്രസക്തിയില്ല. കലോത്സവ ഭക്ഷണം സംബന്ധിച്ച കഴിഞ്ഞ തവണത്തേത് ഒരു ചര്‍ച്ച മാത്രമാണ്. ബോധപൂര്‍വം ആരും വിവാദം ഉണ്ടാക്കാതിരുന്നാല്‍ കൊല്ലത്തേത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കലോത്സവമായി മാറും.
വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരും കൊല്ലത്തേക്ക് എത്തിതുടങ്ങി. നഗരത്തോട് ചേര്‍ന്നുള്ള വിവിധ സ്‌കൂളുകളിലാണ് ഇവര്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തെ ഭക്ഷണത്തോടെ ഊട്ടുപുരയും സജീവമാകും. സ്വര്‍ണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയില്‍ എത്തും. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

Advertisement