ഐഎന്‍എസ് വിക്രാന്തിന്‍റെ വിവരങ്ങൾ ചോർത്തി,കൊച്ചിയില്‍ ചാരന്‍?

Advertisement

കൊച്ചി.കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് ഐഎന്‍എസ് വിക്രാന്തിന്റെ അടക്കം വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കപ്പൽശാലയിലെ കരാർ ജീവനക്കാരനായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോട്ടിന്റെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. പ്രതി നേരത്തെയും യുദ്ധക്കപ്പലുകളുടെ അടക്കം ചിത്രങ്ങൾ എയ്ഞ്ചൽ പായൽ എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്

ഏതാനും നാളുകളായി കരാർ ജീവനക്കാരനായ ശ്രീനിഷ് സുരക്ഷ ഏജൻസികളുടെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ഐഎൻഎസ് വിക്രാന്തിന്റെ അടക്കം ചിത്രങ്ങൾ കണ്ടെത്തുകയും കപ്പൽശാലയിൽ എത്തിയ വിഐപികളുടെ വിവരങ്ങൾ മെസ്സേജ് ആയി അയച്ചത് കണ്ടെത്തിയതോടെയാണ് പ്രതിയെ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും എയ്ഞ്ചൽ പായൽ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്കാണ് വിവരങ്ങൾ നൽകിയതെന്ന് മൊഴി നൽകുകയും ചെയ്തു.ഇതോടെയാണ് ഔദ്യോഗിക രഹസ്യ നിയമം പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ അക്കൗണ്ടിൽ നിന്ന് ഒരു സ്ത്രീ തന്നെ വിളിച്ച് ഹിന്ദിയിൽ സംസാരിച്ചിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ നിർമ്മാണശാലയായ കൊച്ചിയിൽ നിന്ന് യുദ്ധക്കപ്പലിന്റെ ഫോട്ടോ അടക്കം വിവരങ്ങൾ ചോർന്നത് സുരക്ഷ ഏജൻസികളെയും ഞെട്ടിച്ചിരിക്കുകയാണ്. ശത്രു രാജ്യങ്ങൾക്കാണോ പ്രതി വിവരം കൈമാറിയത് എന്ന് അന്വേഷണം നടക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കേന്ദ്ര സുരക്ഷ ഏജൻസികളും ചോദ്യം ചെയ്യുന്നുണ്ട്. വിവരങ്ങൾ കൈമാറിയതിന് പ്രതിക്ക് പണം ലഭിച്ചിട്ടുണ്ടോ എന്ന തടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. കേസ് കേരള പോലീസിൽനിന്ന് ഏറ്റെടുക്കുന്ന കാര്യം ഉടൻ തീരുമാനിക്കും എന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി .

Advertisement