പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടര്‍മാര്‍ പറയുന്ന വാര്‍ത്ത പത്രങ്ങളില്‍ മുന്‍പ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓര്‍മിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പിണറായിയെ പുകഴ്ത്തി വിഎന്‍ വാസവന്‍ ഇങ്ങനെ പറഞ്ഞത്. ഇതിതെിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിഡി സതീശനെ പോലെയുള്ളവര്‍ മുഖ്യമന്ത്രിയെ എത്ര ഹീനമായിട്ടാണ് പറയുന്നത്. നാട്ടില്‍ അക്രമം ഉണ്ടാക്കാനുള്ള ആഗ്രഹമാണ് പ്രതിപക്ഷ നേതാവിനുള്ളതെന്നും ദൈവത്തിന്റെ വരദാനമെന്ന പരാമര്‍ശത്തില്‍ വിവാദം വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, സതീശനെതിരെ വിമര്‍ശനം കടുപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശന്‍ എന്ന് വിളിച്ചത്. വിഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വിഡി സതീശന്‍. സിപിഎമ്മിനോട് നേര്‍ക്കുനേര്‍ പോരാടാന്‍ കോണ്‍ഗ്രസ് ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

നവ കേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ രംഗത്ത് വന്നിരുന്നു. ഇതിനോട് രൂക്ഷമായി തന്നെ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പിന്തുണച്ചാണ് മന്ത്രി റിയാസും രംഗത്ത് വന്നത്.

Advertisement