മിഠായി തെരുവ് സന്ദർശനം,’ ഗവർണറുടേത് കോപ്രായം, ജനങ്ങൾ കാണിച്ചത് കോഴിക്കോടിൻറെ മര്യാദ’: സിപിഎം

Advertisement

കോഴിക്കോട്:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട്ടെ മിഠായി തെരുവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിൽ രൂക്ഷ വിമർശനവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്. ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ച് കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണിതെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ ആരോപിച്ചു. സംഘപരിവാർ സംഘടനകളുമായി ആലോചിച്ചാണ് മുൻപരിപാടികളിൽ ഇല്ലാത്ത മിഠായി തെരുവ് സന്ദർശനം നടത്തിയത്. പ്രകോപനം ഉണ്ടാക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.ഗവർണർ തുടർച്ചയായി പ്രകോപനം ഉണ്ടാക്കുന്നു.

ആർ എസ് എസ് കേന്ദ്രങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു.356 വകുപ്പ് പ്രകാരം സർക്കാറിനെ പിരിച്ച് വിടാനുള്ള സാഹചര്യം ഉണ്ട് എന്ന റിപ്പോർട്ട് നൽകുവാനുള്ള നീക്കത്തിനുള്ള ഗൂഡാലോചനയാണ് ആരിഫ് മുഹമ്മ ദ് ഖാനും ആർ എസ് എസ് ഉം നടത്തുന്നതെന്നും സിപിഎം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.വാർത്താക്കുറിപ്പിറക്കിയതിന് പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ഗവർണർക്കെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചു.കേരളത്തിൽ ക്രമ സമാധാന തകർച്ച ഉണ്ടെന്ന് കാണിക്കാൻ ഉള്ള ശ്രമമാണിതെന്നും ഇന്ന് നടന്ന കാര്യങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും പി മോഹനൻ പറഞ്ഞു. സംഘർഷം ഉണ്ടാക്കാൻ ബോധപൂർവമായ നീക്കം ആണ് നടന്നത്. കോഴിക്കോട് സുരക്ഷിത നഗരമാണ് എന്ന് ഗവർണർക്ക് ബോധ്യപ്പെട്ടു കാണും

സ്വന്തം നാട്ടിൽ ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാനാകുമോ?. വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും മുദ്രാവാക്യവുമായാണ് ഗവർണർ കോഴിക്കോട് വന്നത് കോഴിക്കോടിൻ്റെ മര്യാദ ആണ് ജനങ്ങൾ കാണിച്ചത്. വിദ്യാർത്ഥികളെ ഗവർണർ വെല്ലുവിളിക്കുകയാണ്.പൊലീസിനെയും വൈസ് ചാൻസലറെയും ആക്ഷേപിക്കുന്നു. ആർഎസ്എസ് കേന്ദ്രങ്ങളുമായി ആലോചിച്ചാണ് പ്രകോപനം സൃഷ്ടിക്കുന്നത്.കേരളത്തിൽ ഭരണഘടന പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം. കോഴിക്കോട് നഗരത്തിൽ ഗവർണർ കാണിച്ചത് കോപ്രായമാണ്. അനാവശ്യമായി തിരക്ക് ഉണ്ടാക്കി.എന്നിട്ടും ഹൽവ നൽകിയാണ് ആളുകൾ സ്വീകരിച്ചത്. അത് നാടിൻ്റെ മര്യാദ ആണെന്നും പി മോഹനൻ പറഞ്ഞു.

പ്രതിഷേധക്കാരെ വെല്ലുവിളിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തിയത്. തുടർന്ന് മിഠായി തെരുവിലൂടെയും നടന്നു.തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. മിഠായി തെരുവിലിറങ്ങിയ ഗവർണർ കോഴിക്കോട് ഹലുവ രുചിച്ചും ജനങ്ങൾക്കൊപ്പം ഫോട്ടോയെടുത്തുമാണ് മടങ്ങിയത്. കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണെന്നും എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാർ നിർത്തി ഇറങ്ങിയപ്പോൾ മാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്. കേരളത്തിലെ ജനങ്ങളിൽനിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് ഇഷ്ടമാണ്,ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഗവർണർ പറഞ്ഞു.

Advertisement