ഐജി പി.വിജയന്റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തു; വകുപ്പുതല അന്വേഷണം തുടരും

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കി. വകുപ്പു തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ചു മാസമായി ഇദ്ദേഹം സസ്പെൻഷനിലായിരുന്നു.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി വിജയനെ മേയ് 18നു സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെൻഷൻ.

സസ്പെൻഷനു പിന്നാലെ അതിന് അടിസ്ഥാനമാക്കിയ കാരണങ്ങൾ കളവാണെന്നു ചൂണ്ടിക്കാട്ടി വിജയൻ സർക്കാരിനു മറുപടി നൽകി. 2 മാസത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്തെങ്കിലും സർക്കാർ അനുകൂല നടപടിയെടുത്തില്ല.

പിന്നീട് സെപ്റ്റംബറിൽ ഐജിക്ക് അനുകൂലമായി രണ്ടാം തവണയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാനുള്ള അവസരം ഉണ്ടെന്നും, അപ്പോൾ വീഴ്ച കണ്ടെത്തിയാൽ നടപടിയാകാമെന്നുമാണയിരുന്നു ശുപാർശ.

Advertisement