ആനയിറങ്കല്‍ ഡാമില്‍ കാണാതായവര്‍ക്കായി തിരച്ചില്‍, തടസവുമായി ആനക്കൂട്ടം

Advertisement

ഇടുക്കി.ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവർക്കുള്ള തെരച്ചിൽ പുരോഗമിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച സ്കൂബ ടീം ആണ് തെരച്ചിൽ നടത്തുന്നത്. ജലാശയത്തിന്റെ സമീപത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത് പ്രതിസന്ധിയാണ്.

പത്തുമണിയോടെ എറണാകുളത്തു നിന്നും തൊടുപുഴയിൽ നിന്നുമുള്ള പ്രത്യേക സ്കൂബ ടീം അംഗങ്ങൾ എത്തി. ജലാശയത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗത്ത് അപകടം നടന്നതിനാൽ പ്രത്യേക പരിശീലനം ലഭിച്ചവർക്ക് മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ. ഇന്നലെ ഉച്ചയോടെയാണ് 301 കോളനി നിവാസികളായ ഗോപിനാകനും സജീവനും വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പൂപ്പാറയിൽ നിന്ന് സാധനം വാങ്ങി 301 കോളനിയിലേക്ക് വരുന്ന വഴി ആനയെ കണ്ട വെപ്രാളത്തിൽ വള്ളം മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി. എന്നാൽ ജലാശയത്തിലെ പ്രതികൂല സാഹചര്യവും, ആനയുടെ സാന്നിധ്യവും കാരണം വൈകിട്ട് ആറരയോടെ തെരച്ചിൽ അവസാനിപ്പിച്ചു. തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച സ്കൂബ ടീമിൻറെ സഹായം തേടി. അതേസമയം ഇപ്പോഴും കാട്ടാനക്കൂട്ടം ജലാശയത്തിന്റെ ഇരുകരകളിലും തമ്പടിച്ചിട്ടുണ്ട്.

Advertisement