സംസ്ഥാനത്തെ ആരാധാനാലയങ്ങളില്‍ അസമയങ്ങളിലെ വെടിക്കെട്ട് തടയണം, ഹൈക്കോടതി

കൊച്ചി.സംസ്ഥാനത്തെ ആരാധാനാലയങ്ങളില്‍ അസമയങ്ങളിലെ വെടിക്കെട്ട് തടയണമെന്ന് ഹൈക്കോടതി. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടല്‍. പാതിരാത്രി ഉള്‍പ്പെടെ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ല കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.

ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിള്‍ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വെടികെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടല്‍.എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്താൻ പോലീസിനും കളക്ടർമാർക്കും നിർദേശം നല്‍കിയ കോടതി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കണമെന്നും വ്യക്തമാക്കി. ഇടക്കാല ഉത്തരവിനു ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം കോടതി വിധി തൃശ്ശൂര്‍ പൂരമടക്കമുള്ള ഉത്സവ വെടിക്കെട്ടുകളെ ബാധിച്ചേക്കും. ആരാധനാലയങ്ങളില്‍ രാത്രികാലങ്ങളിലാണ് കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും പൊതുവേ നടക്കാറുള്ളത്. കേസില്‍ അപ്പീല്‍ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

Advertisement