സ്‌ഫോടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Advertisement

കൊച്ചി. കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. സംഭവത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്‍എസ്ജി സംഘം കേരളത്തിലേക്കെത്തും. എന്‍ഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. സംസ്ഥാന പോലീസ് മേധാവി സ്ഥലത്തെത്തിയാല്‍ അന്വേഷണ സംഘത്തെ രൂപീകരിക്കും.

സ്ഥലത്ത് പരിശോധന ശക്തമാക്കി. ഡോഗ് സ്‌ക്വാഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് പരിശോധന നടക്കുന്നു. തമ്ബാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബോംബ് സ്‌ക്വഡിന്റെ പരിശോധന നടന്നു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം.

അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടുപേരില്‍ ഒരാള്‍ കുട്ടിയാണ്. ഇരുവര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ പൊള്ളല്‍ ഏറ്റിട്ടുണ്ട്. 30 സെക്കന്‍ഡ് ഇടവിട്ട് സ്‌ഫോടനം നടന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ ഹാളില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമാണിന്ന്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ അകലെയുളള സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നത്. സ്ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതേയുള്ളൂ. എറണാകുളത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയിട്ടുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തും. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഗൗരവമായി എടുത്ത് പരിശോധിക്കും. ഒരാള്‍ മരണപ്പെട്ടു. രണ്ട് പേരുടെ നില ഗുരുതരം, കുറച്ചുപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement