ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ നാടകീയ രംഗങ്ങൾ

Advertisement

ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ നാടകീയ രംഗങ്ങൾ. ഇടുക്കി നെടുങ്കണ്ടം കല്ലാർ ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ ഏലപ്പാറ സ്വദേശി ബിനു ദേവരാജാണ് കഴിഞ്ഞ ദിവസം നെടുംകണ്ടം പൊലീസിന്റെ പിടിയിലായത്. പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ നാടകീയ രംഗങ്ങൾക്കാണ് നാട്ടുകാർ സാക്ഷ്യം വഹിച്ചത്. പൊലീസ് തന്നെ കുടുക്കിയതാണെന്നാണ് തെളിവെടുപ്പിനിടെ ബിനുവിന്റെ ആരോപണം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കല്ലാർ ക്ഷേത്രത്തിൽ മോഷണം നടന്നത്. സി സി ടി വി തകർത്ത് അകത്തു കടന്ന ബിനു ശ്രീകോവിലും കാണിക്കവഞ്ചിയും കുത്തി തുറന്നു അഞ്ച് ലക്ഷം രൂപയും സ്വർണവും കവർന്നു. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണക്കേസുകളിൽ പ്രതിയായ ബിനുവിനെതിരെ കഴിഞ്ഞ വർഷം കാപ്പ ചുമത്തിയിരുന്നു. എന്നാൽ പൊലീസ് തന്നെ കുടുക്കിയതാണെന്നാണ് ബിനു ആരോപിക്കുന്നത്. ഇതേ രീതിയിൽ പ്രാദേശത്ത് നടന്ന മറ്റ് മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. 

Advertisement