തട്ടം വിവാദം, വി പി സുഹ്റ പൊലീസിന് മൊഴി നല്‍കും

Advertisement

കോഴിക്കോട് . തട്ടം വിവാദത്തിൽ മതസ്പർദ്ധ ഉണ്ടാക്കി എന്ന പരാതിയിൽ വി പി സുഹ്റ ചൊവ്വാഴ്ച കോഴിക്കോട് – നല്ലളം പൊലീസിന് മൊഴി മൊഴി നൽകും. സമസ്ത യുവജന വിഭാഗമായ എസ് വൈ എസും നല്ലളം ഗവ. ഹൈ സ്കൂൾ പിടിഎ പ്രസിഡണ്ടും നൽകിയ പരാതിയിലാണ് മൊഴി നൽകുന്നത്. അതേസമയം, സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ വിപി സുഹ്റ കമ്മീഷണർക്ക് പരാതി നൽകി.

നല്ലളം ഗവൺമെന്റ് ഹൈസ്കൂളിൽ കുടുംബശ്രീ നടത്തിയ പരിപാടിക്കിടെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ വി പി സുഹ്റ പ്രതിഷേധിച്ചിരുന്നു. വേദിയിൽ തട്ടം മാറ്റിയായിരുന്നു പ്രതിഷേധം. സംഭവത്തെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. വിഷയത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാഹുൽ ഹമീദിനെതിരെ വിപി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകി. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിറകെ മതസ്പർദ്ധ ഉണ്ടാക്കിയെന്നും ജനവികാരം ഇളക്കി കലാപത്തിന് ശ്രമിച്ചുവെന്നും കാണിച്ച് ഷാഹുൽ ഹമീദ് സുഹ്റ ക്കെതിരെയും പരാതി നൽകി. സുഹ്റ മതസ്പർദ്ധ ഉണ്ടാക്കിയെന്നും മത പണ്ഡിതരെ അവഹേളിച്ചു വെന്നും ഇത്തരം പ്രവർത്തനം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമസ്ത യുവജന വിഭാഗമായ എസ് വൈ എസ് നല്ലളം ശാഖ കമ്മിറ്റിയും പരാതി നൽകിയിട്ടുണ്ട്. ഈ പരാതികളിൽ ആണ് ഇന്ന് മൊഴി നൽകുക.

അതിനിടെ,തട്ടം വിവാദത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ വി പി സുഹ്റ ഇന്നലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അവഹേളിച്ചതിനും ഇസ്‌ലാമിനെ അപമാനിച്ചതിനും ഉമർ ഫൈസിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. എന്നാൽ കമ്മീഷണർക്ക് നൽകിയ പരാതിയെ കുറിച്ച് അറിയില്ലെന്നും കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

Advertisement