കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനേയും ജില്‍സിനേയും ജയില്‍ മാറ്റാന്‍ ഉത്തരവിട്ട് കോടതി

Advertisement

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനേയും ജില്‍സിനേയും ജയില്‍ മാറ്റാൻ എറണാകുളം പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവിട്ടു.

അരവിന്ദാക്ഷനെ കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റിയതില്‍ ഇ ഡി എതിര്‍പ്പ് അറിയിച്ചിരുന്നു.

നേരത്തെ അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഒരേ ജയിലില്‍ പാര്‍പ്പിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു. സബ് ജയിലില്‍ പ്രതികളുടെ എണ്ണം കൂടുതലാണെന്നാണ് ജയില്‍ മാറ്റാനുള്ള കാരണമായി ജയിലധിക്യതര്‍ വിശദീകരിച്ചത്. എന്നാല്‍ ഇത് ന്യായമല്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് മാറ്റാൻ നിര്‍ദേശിക്കുകയായിരുന്നു.

ഇതിനിടെ കരുവന്നൂര്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന പരാതിയില്‍ ഹൈക്കോടതി ഇടപെട്ടു. അപേക്ഷ ലഭിച്ചാല്‍ രേഖകള്‍ തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ ബാങ്ക് അധികൃതര്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ബാങ്ക് അപേക്ഷ നല്‍കിയാല്‍ കസ്റ്റഡിയിലുള്ള ആധാരം തിരികെ നല്‍കുന്ന കാര്യം പരിശോധിച്ചു തീരുമാനിക്കാമെന്ന് ഇ ഡി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സതീശ് നൈനാന്റെ ഉത്തരവ്.

ആധാരം തിരികെ നല്‍കാൻ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കാറളം സ്വദേശി ഫ്രാൻസിസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ബാങ്കിന്റെ അപേക്ഷയില്‍ മൂന്നാഴ്‌ചക്കകം ഇ ഡി തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദേശം. അമ്ബത് സെന്റ് സ്ഥലം പണയപ്പെടുത്തി രണ്ട് വായ്‌പകളാണ് കരുവന്നൂര്‍ബാങ്കില്‍ നിന്ന് ഹരജിക്കാരൻ എടുത്തത്.

വായ്പകള്‍ രണ്ടും കഴിഞ്ഞ ഡിസംബറില്‍ അടച്ച്‌ തീര്‍ത്തിട്ടും ഭൂമിയുടെ ആധാരം തിരിച്ചു നല്‍കുന്നില്ലെന്നാണ് ഹരജിക്കാരന്‍റെ ആക്ഷേപം.

Advertisement